ഡല്‍ഹി: ഡല്‍ഹിയിലെ രംഗ് പുരിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അഞ്ചംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. നാല് പെണ്‍മക്കളുള്‍പ്പടെ അഞ്ച് പേരാണ് മരണപ്പെട്ടത്. മരപ്പണിക്കാരനായി ജോലി ചെയ്തിരുന്ന ഹീരാലാല്‍ ശര്‍മ്മ (46), മക്കളായ നീതു (26), നിക്കി (24), നീരു (23), നിധി (20) എന്നിവരാണ് മരിച്ചത്. രണ്ടു പെണ്‍മക്കള്‍ ഭിന്നശേഷിക്കാരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിതാവ് ആദ്യം പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായാണ് പോലീസ് സംശയിക്കുന്നത്.
ഇവരുടെ അമ്മ ഒരു വര്‍ഷം മുമ്പ് കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. ഫ്ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെ കുറിച്ച് കെട്ടിടത്തിന്റെ ഉടമ വെള്ളിയാഴ്ച പോലീസില്‍ വിവരം അറിയിച്ചിരുന്നു. താന്‍ വാതിലില്‍ മുട്ടിയെങ്കിലും അവര്‍ തുറന്നില്ല. സെപ്തംബര്‍ 24 ന് ഇവരെ സമീപവാസികള്‍ അവസാനമായി കണ്ടത്. പിന്നീട് വാടകക്കാരെ പുറത്തേയ്ക്ക് കണ്ടില്ല. ഇവരുടെ ശരീരത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും വീട്ടില്‍ നിന്നും മൂന്ന് പാക്കറ്റ് വിഷം, അഞ്ച് ഗ്ലാസുകള്‍, വിഷം അടങ്ങിയ കുപ്പി, ഒരു സ്പൂണ്‍ എന്നിവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
പെണ്‍മക്കളുടെ അരയിലും കഴുത്തിലും ചുവന്ന നൂല്‍ കെട്ടിയിരുന്നു. വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു, അഗ്‌നിശമന സേനയുടെ സഹായത്തോടെയാണ് പോലീസ് വാതില്‍ തുറന്നത്. രണ്ടു മുറിയുള്ള ഫ്‌ളാറ്റില്‍ ആദ്യ മുറിയില്‍ പിതാവിനെയും നാല് പെണ്‍കുട്ടികളെ മറ്റൊരു മുറിയിലും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.