
എയ്ഡഡ് ശമ്പള വിതരണ ഉത്തരവിൽ യൂ ടേൺ അടിച്ച് സർക്കാർ
തിരുവനന്തപുരം : എയ്ഡഡ് ശമ്പള വിതരണ ഉത്തരവിൽ യൂ ടേൺ അടിച്ച് സർക്കാർ. എയിഡഡ് മേഖലയിൽ നിന്നും ശക്തമായ സമ്മർദ്ദം മൂലമാണ് നടപടി എടുത്തത് എന്നാണ് സൂചന. ശ്രീരാം വെങ്കിട്ട രാമൻ ഐഎഎസ് ആണ് ഈ ഉത്തരവ് സംബന്ധിച്ച നടപടി സ്വീകരിച്ചത്. 30.09.2024 ലെ ഉത്തരവ് റദാക്കി പുതിയ ഉത്തരവ് ഇറക്കി.
ധനവകുപ്പ് ഉത്തരവിനെതിരെ നേരത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഭാര്യ ഉൾപ്പെടെ സിപിഎം അനുകൂല സർവീസ് സംഘടന ഭാരവാഹികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ എത്തി പ്രതിഷേധം നടത്തിയതെല്ലാം വലിയ ചർച്ചയായിരുന്നു.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് ട്രഷറികളിൽ നിന്ന് നേരിട്ട് ശമ്പളം മാറാനുള്ള ഡ്രോയിങ് ആൻ്റ് ഡിസ്ബേഴ്സിങ് ഓഫീസർ പദവി റദ്ദാക്കിയ ഉത്തരവിനെതിരെ എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിലും വിശദീകരണ യോഗത്തിലുമാണ് മന്ത്രി ഭാര്യ ആശ പ്രഭാകരൻ പങ്കെടുത്തത്. മാർച്ചിൽ ധനകാര്യ വകുപ്പിനെതിരെ അവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം ഡിസംബറിൽ കോളജ് അധ്യാപകരുടെ ശമ്പള കുടിശിക ആവശ്യപ്പെട്ട് എകെപിസിടിഎ നടത്തിയ സമരത്തിലും ആശ പങ്കെടുത്തിരുന്നു. സമരം സംസ്ഥാന പ്രസിഡന്റ് കെ.ബദറുന്നിസ ഉദ്ഘാടനം ചെയ്തു. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് ഇവർ പറഞ്ഞു. ഈ ഉത്തരവാണ് ഇപ്പോൾ വീണ്ടും പുതുക്കിയിരിക്കുന്നത്. അതായത് ധനമന്ത്രിയുടെ ഭാര്യയുടെതടക്കമുള്ള ആവശ്യമാണ് എയ്ഡഡ് ശമ്പള വിതരണ ഉത്തരവിൽ സർക്കാർ യൂ ടേൺ അടിച്ചതിലൂടെ സാധ്യമായിരിക്കുന്നത് എന്ന് വ്യക്തം.