ഡിഎൻഎ ഫലം വന്നു; മൃതദേഹം അർജുൻ്റേത് തന്നെ

ഇന്ന് വൈകിട്ടോടെ തന്നെ മൃതദേഹം കോഴിക്കോടേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

Arjun Shiroor

കർണ്ണാടക ഷിരൂർ ഗംഗാവലി പുഴയിൽ നിന്ന് കണ്ടെടുത്ത മൃതദേഹം അർജുൻ്റേത് തന്നെയെന്ന് ഡിഎൻഎ പരിശോധനാ ഫലം. അധികം വൈകാതെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് വൈകിട്ടോടെ തന്നെ മൃതദേഹം കോഴിക്കോടേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കാനാണ് തീരുമാനം. അതിനനുസരിച്ച് കാർവാറിൽ നിന്ന് പുറപ്പെടുമെന്ന് അർജുൻ്റെ സഹോദരി ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു.

കർണാടക പൊലീസും നാട്ടിലേക്കുള്ള യാത്രയിൽ മൃതദേഹത്തെ അനുഗമിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചിലവുകളും കർണാടക സർക്കാർ വഹിക്കും. ഇന്നലെ വൈകിട്ടോടെ ഡിഎൻഎ സാമ്പിൾ ഫൊറൻസിക് ലാബിൽ എത്തിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ പരിശോധനയും തുടങ്ങിയിരുന്നു. തുടർന്നാണ് പരിശോധന പൂർത്തിയാക്കി മൃതദേഹം അർജുൻ്റേത് തന്നെ എന്ന് സ്ഥിരീകരിച്ചത്.

ഇന്നലെ ഷിരൂർ ദുരന്തമുഖത്ത് വേദനിപ്പിക്കുന്ന കാഴ്ചകളായിരുന്നു. ക്യാബിനുള്ളിൽ മകനായി അർജുൻ കരുതിവെച്ച കുഞ്ഞുലോറിയും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. ഗംഗാവലിപ്പുഴയിൽ നിന്ന് പുറത്തെടുത്തശേഷം ലോറി പൊളിച്ച് പരിശോധിക്കുന്നതിനിടയിലാണ് അർജുൻ അവസാനമായി ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ കൂട്ടത്തിൽ മകനുള്ള കളിപ്പാട്ടവും കണ്ടെത്തിയത്.

ബുധനാഴ്ച ലോറിയുടെ ക്യാബിനിൽ നിന്നാണ് അർജുൻ്റെ മൃതദേഹഭാഗം കണ്ടെത്തിയത്. കരയിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെ CP 2 പോയിന്റിൽ നിന്നാണ് ലോറി കണ്ടെത്തിയത്. 12 അടി താഴ്ചയിൽ ചരിഞ്ഞ്‌കിടക്കുന്ന അവസ്ഥയിലായിരുന്നു ലോറി.

പതിനാറാം തീയതിയായിരുന്നു ഷിരൂരില്ലെ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍ നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവലി പുഴയിലേക്ക് വീണിരുന്നു.

അർജുന് പുറമെ 8 പേർ കൂടി ഷിരൂർ ദുരന്തത്തിൽ കാണാതായിരുന്നു. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ എന്നിവരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുമെന്ന് കർണാടകം സർക്കാർ വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments