HealthNationalNews

ട്രെയിൻ യാത്രയ്ക്കിടയിൽ വയോധികന് ഹൃദയാഘാതം; രക്ഷകനായത് ടിടിആർ

ട്രെയിൻ യാത്രയ്ക്കിടെ വയോധികന് ഹൃദയാഘാതം. ബീഹാർ സ്വദേശിയായ ബി.കെ കാണിനാണ് ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് കൃത്യസമയത്ത് സിപിആർ നൽകി ടിടിആർ ജീവൻ രക്ഷിച്ചു. ടിടിആർ സവിന്ദ് കുമാറാണ് സി.പി.ആർ. നൽകിയത്.

സഹോദരനൊപ്പം ബിഹാറിലെ ദർബാം​ഗയിൽ നിന്ന് ഉത്തർപ്രദേശിലെ വാരണാസിയിലേക്ക് പവൻ എക്സ്പ്രസിൽ പോവുകയായിരുന്നു ബി.കെ കാൺ. ഇതിനിടയിലാണ് നെഞ്ചിൽ പെട്ടെന്ന് വേദന അനുഭവപ്പെടുന്നതും കുഴഞ്ഞു വീഴുന്നതും. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന സഹോദരൻ റെയിൽ മദദ് പോർട്ടറിലൂടെ റെയിൽവേയിലേക്ക് വിവരം അറിയിച്ചു.

ടിക്കറ്റ് എക്സാമിനർക്ക് വിവരം കിട്ടിയയുടൻ അദ്ദേഹം കോച്ചിലെത്തി. ഇതിനിടെ സഹോദരൻ കുടുംബ ഡോക്ടറെ വിളിക്കുകയും അദ്ദേഹം ഒട്ടുംവൈകാതെ തന്നെ സി.പി.ആർ. നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ സവിന്ദ് കുമാർ വയോധികന് തുടർച്ചയായി പതിനഞ്ചു മിനിറ്റ് സി.പി.ആർ. നൽകിക്കൊണ്ടിരുന്നു.

ഇതിനുശേഷമാണ് കാൺ കണ്ണുതുറന്നത്. തുടർന്ന് ചാപ്ര സ്റ്റേഷനിലെത്തിയതോടെ മെഡിക്കൽ എമർജൻസി ടീം എത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സവിന്ദ് കുമാറിൻ്റെ ഇടപെടലാണ് കാണിൻ്റെ ജീവൻ രക്ഷപ്പെടുത്താൻ സഹായിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *