സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയുടെ പകരം തൽകാലം ആരെയും വേണ്ടെന്ന് സിപിഎമ്മിൽ ധാരണയായി. താൽക്കാലികമായി ഒരാൾക്ക് ചുമതല നൽകുന്ന കാര്യം മാത്രമേ പരിഗണനയിൽ ഉള്ളൂവെന്ന് നേതൃത്വം വ്യക്തമാക്കി.പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെയെന്നാണ് ധാരണ.
പ്രകാശ് കാരാട്ടിനോ വൃന്ദാ കാരാട്ടിനോ താൽക്കാലികമായി ആക്ടിംഗ് ജനറൽ സെക്രട്ടറി ചുമതല നൽകാനുള്ള സാധ്യതയാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. തൽക്കാലം ഇതിന്റെ പേരിൽ പാർട്ടിയിൽ തർക്കം വേണ്ടെന്നും നേതാക്കൾ അറിയിച്ചു. പിബിയിലെ പല നേതാക്കളും പ്രായപരിധി പിന്നിടുന്നതും സ്ഥിരം ജനറൽ സെക്രട്ടറിയെ നിയമിക്കുന്നതിന് തടസമാകുന്നുണ്ട്.
അടുത്ത വർഷം ഏപ്രിൽ രണ്ടു മുതൽ ആറു വരെ മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ മൂന്നു ടേം പൂർത്തിയാക്കി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയാനിരിക്കെയാണ് സീതാറാം യെച്ചൂരിയുടെ ആകസ്മികമായ നിര്യാണം. പതിനേഴംഗ സിപിഎം പിബിയിൽ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സർക്കാർ എന്നിവർ 75 എന്ന പാർട്ടി പ്രായ പരിധി കടന്നവരാണ്. യെച്ചൂരിയുടെ പകരക്കാരനായി എംഎ ബേബി, എ വിജയരാഘവൻ എന്നിവരുടെ പേരുകൾ ഉയർന്നു കേട്ടിരുന്നു.
നാൽപ്പതു വർഷം മുമ്പ് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പദവി എംഎ ബേബി ഒഴിഞ്ഞപ്പോൾ പകരം ആ സ്ഥാനത്തേക്കുവന്നത് സീതാറാം യെച്ചൂരിയായിരുന്നു. ഇപ്പോൾ യെച്ചൂരി ചരിത്രത്തിലേക്ക് മായുമ്പോൾ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബേബി വന്നുകൂടായ്കയില്ല.