പിണറായി യുഗത്തിന് തിരശ്ശീല വീഴുന്നു. എ.ഡി.ജി.പി അജിത് കുമാർ ആർഎസ്എസ്താ നേതാവ് ദത്താശ്രയ ഹൊസബല്ലയെ സന്ദർശിച്ച കാര്യം പ്രതിപക്ഷ നേതാവ് വിഡി സതീശൻ പുറത്തുവിട്ടതോടെ സോഷ്യൽ എഞ്ചിനിയറിങ്ങിൻ്റെ ആശാനായ പിണറായി തകർന്നു.
സെപ്റ്റംബർ 4 ലെ സതീശൻ്റെ വെളിപ്പെടുത്തൽ രാഷ്ട്രിയ കേരളത്തെ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു. സതീശൻ്റെ ആരോപണം തെളിയിക്കുന്ന വസ്തുതകൾ ദിനം പ്രതി പുറത്ത് വന്നതോടെ പിണറായി കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങൾ ഒന്നാകെ അഴിഞ്ഞ് വീണു. ആർഎസ്എസ് വിരുദ്ധ രാഷ്ട്രീയം പറഞ്ഞ് വോട്ട് തേടുകയും, രഹസ്യമായി ആർഎസ്എസ് ബാന്ധവം നടത്തുകയും ചെയ്ത പിണറായിയുടെ പൊയ്മുഖം അഴിഞ്ഞ് വീണു.
മകൾ വീണ വിജയനെ മാസപ്പടി കേസിൽ സുരക്ഷിതയാക്കാൻ പിണറായിക്ക് കഴിഞ്ഞു. പക്ഷേ മകൾക്ക് വേണ്ടി പിണറായി നടത്തിയ അഭ്യാസത്തിൽ ഇടതുമുന്നണി കലഹ മുന്നണിയായി മാറി. മന്ത്രിസഭ യോഗത്തിൽ തൃശൂർ പൂരം അന്വേഷണ റിപ്പോർട്ട് എവിടെയെന്ന് ഒറ്റ സ്വരത്തിൽ സിപിഐ മന്ത്രിമാർ ചോദിച്ചത് പിണറായിയെ ഞെട്ടിച്ചു. റിപ്പോർട്ട് കിട്ടിയതേ ഉള്ളുവെന്നും ആഭ്യന്തര സെക്രട്ടറി പരിശോധിച്ചിട്ട് വേണ്ടത് ചെയ്യാം എന്ന ദയനീയ മറുപടി ആയിരുന്നു പിണറായിയുടേത്.
പിണറായിയെ മുന്നിൽ നിറുത്തി വോട്ട് ചോദിക്കുന്നത് ആത്മഹത്യ പരമായിരിക്കും എന്ന് ഇടതു കക്ഷികൾക്ക് എല്ലാം ബോധ്യമായിരിക്കുകയാണ്. മരുമകനെ രാഷ്ട്രീയ പിൻഗാമി ആക്കാനുള്ള തന്ത്രപരമായ നീക്കങ്ങളായിരുന്നു പിണറായി തുടർ ഭരണം കിട്ടിയതു മുതൽ നടത്തിയത്. ഒരു പരിധി വരെ പിണറായി അതിൽ വിജയിക്കുകയും ചെയ്തിരുന്നു. മലബാർ രാഷ്ട്രീയത്തിൽ മുഹമ്മദ് റിയാസ് മതി എന്ന തരത്തിലായിരുന്നു പിണറായിയുടെ എല്ലാ സ്റ്റെപ്പുകളും.
ഇതോടെ പി.വി അൻവറും ജലീലും കാരാട്ട് റസാഖും ഇടഞ്ഞു. അൻവറിൻ്റെ തുടർച്ചയായ പത്രസമ്മേളനങ്ങളിൽ നേരത്തെ തന്നെ സംശയനിഴലിൽ ആയ പിണറായിയുടെ ഓഫിസ് മുഖ്യ വില്ലൻ റോളിൽ ആയി.ഇതോടെ അൻവറിനെ പൂട്ടാൻ പിണറായി നേരിട്ടിറങ്ങിയതോടെ അൻവർ പറയുന്നതിൽ കാര്യം ഉണ്ടെന്ന് ജനത്തിന് ബോദ്ധ്യപ്പെട്ടു.പിണറായി വിരുദ്ധ ചേരി ശക്തി ആർജിക്കുന്നു എന്നതാണ് വാസ്തവം.
ബേബിയും ഐസക്കും പി ജയരാജനും ശൈലജയും ഗോവിന്ദനും എല്ലാം ഒരു കുടക്കീഴിൽ അണിനിരന്നു കഴിഞ്ഞു. പിണറായി ദുർബലനായതോടെ സാമന്ത രാജാവ് റിയാസിൻ്റെ കൂടെ ഉള്ളത് എ എ റഹീമും ചിന്ത ജെറോമും മാത്രം. റിയാസിൻ്റെ ഭാവി കട്ടപ്പുക എന്ന് വ്യക്തം. അജയ്യനായ പിണറായിയുടെ തേരോട്ടം കൃത്യമായി ഹോം വർക്ക് നടത്തി തടയാൻ സതീശന് കഴിഞ്ഞത് യു.ഡി.എഫ് അണികളുടെ വീര്യം വർദ്ധിപ്പിച്ചിട്ടുണ്ട്.
തദ്ദേശം എന്ന സെമിഫൈനലും പിന്നാലെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് എന്ന ഫൈനലും കടക്കാനുള്ള കരുത്ത് സതീശനിലൂടെ യു.ഡി.എഫ് നേടി കഴിഞ്ഞു.അമിത ആത്മവിശ്വാസം പിണറായിയെ ചതിച്ചു. സാമന്ത രാജാവ് പോയിട്ട് 2026 ൽ കൻ്റോൺമെൻ്റ് ഹൗസിലെ പ്രതിപക്ഷ നേതാവിൻ്റെ കസേര പോലും റിയാസിൽ നിന്ന് അകന്നു . ഫാരിസ് അബുബക്കർ വഴി ബിസിനസ് മേഖലയിലേക്ക് റിയാസ് ഭാവിയിൽ ചേക്കേറിയേക്കും. കൻ്റോൺമെൻ്റ് ഹൗസിൽ എംവി ഗോവിന്ദൻ ശിഷ്ടകാലം വസിക്കും.