2014ലെ ജോലിക്ക് കോഴ കേസിൽ തമിഴ്നാട് മുൻ മന്ത്രി വി സെന്തിൽ ബാലാജിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. 471 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ബാലാജിക്ക് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചിരിക്കുന്നത്. കടുത്ത ഉപാധികളോടെയാണ് ബാലാജിക്ക് ജാമ്യം.
രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താൻ ഇ ഡി(എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്) ശ്രമിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ബാലാജിയെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് പോലും ഇത്രയും നാളത്തെ ജയിൽ വാസമുണ്ടായിരുന്നില്ല. 15 മാസത്തോളം രാഷ്ട്രീയ ഗൂഢാലോചന തുടർന്നു. അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിലൂടെ സെന്തിൽ ബാലാജിയുടെ നിശ്ചയദാർഢ്യം തകർക്കുവാനാണ് അവർ ശ്രമിച്ചത്. മന്ത്രി പറഞ്ഞു.
അതേസമയം, ബാലാജിക്ക് വീണ്ടും മന്ത്രിയാകുന്നതിൽ യാതൊരുവിധ പ്രശ്നവുമില്ലെന്ന് ഡി എം കെ അഭിഭാഷകർ പറഞ്ഞു. മുൻ എഐഎഡിഎംകെ സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ, ജോലിക്ക് കോഴ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ വർഷം ജൂൺ 14 ന് സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു. 3000 പേജുകളടങ്ങിയ ചാർജ് ഷീറ്റാണ് ഇ ഡി സെന്തിൽ ബാലാജിക്കെതിരെ ചുമത്തിയിരുന്നത്.