International

ഭിക്ഷാടകര്‍ രാജ്യത്തേയ്ക്ക് വരുന്നത് തടയണമെന്ന് പാക്കിസ്ഥാന് നിര്‍ദ്ദേശവുമായി സൗദി

സൗദി; ഭിക്ഷാടകര്‍ രാജ്യത്തേയ്ക്ക് വരുന്നത് തടയണമെന്ന് പാക്കിസ്ഥാന് നിര്‍ദ്ദേശവുമായി സൗദി.കഴിഞ്ഞ വര്‍ഷത്തെ ഒരു റിപ്പോര്‍ട്ട് പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്ന് പിടിക്കപ്പെടുന്ന ഭിക്ഷാടകരില്‍ 90 ശതമാനവും പാകിസ്ഥാനില്‍ നിന്നുള്ളവരാണ്. മതപരമായ തീര്‍ഥാടനത്തിന്റെ മറവില്‍ രാജ്യത്തേയ്ക്ക് എത്തുന്ന പാകിസ്ഥാന്‍ യാചകരുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ കര്‍ശന നടപടിയെടുക്കണമെന്നും സൗദി അറേബ്യ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ പാക്കിസ്ഥാനി ഉംറ, ഹജ്ജ് തീര്‍ഥാടകരെ പ്രതികൂലമായി ബാധിക്കുമെന്നും അറിയിപ്പുണ്ട്.ഉംറ വിസയില്‍ പാകിസ്ഥാന്‍ ഭിക്ഷാടകര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സൗദി ഹജ്ജ് മന്ത്രാലയം പാകിസ്ഥാന്‍ മതകാര്യ മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇതിന് മറുപടിയായി, ഉംറ യാത്രകള്‍ സുഗമമാക്കുന്ന ട്രാവല്‍ ഏജന്‍സികളെ നിയന്ത്രിക്കാനും അവരെ നിയമപരമായ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനും ലക്ഷ്യമിടുകയാണെന്ന് പാക്കിസ്ഥാനും അറിയിച്ചു.

മെയ് മാസത്തില്‍, അനുമതിയില്ലാതെ ഹജ്ജ് നടത്തുന്നത് നിരോധിച്ചുകൊണ്ട് സൗദി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് ലംഘിക്കുന്ന സന്ദര്‍ശകര്‍ക്ക് 10,000 റിയാല്‍ (ഏകദേശം 2.22 ലക്ഷം രൂപ) പിഴയും നാടുകടത്തലും നിശ്ചയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സൗദി അറേബ്യയിലേക്കുള്ള വിമാനത്തില്‍ നിന്ന് തീര്‍ഥാടക വേഷം ധരിച്ച 16 യാചകരെ ഇറക്കുകയും ഗള്‍ഫ് രാജ്യത്തേക്ക് ഭിക്ഷാടനം നടത്താന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *