മുംബൈ; രാജ്യസഭാ എംപിയും ശിവസേന (യുബിടി) നേതാവുമായ സഞ്ജയ് റാവത്ത് മാനനഷ്ടക്കേസില്‍ കുറ്റക്കാരന്‍. സഞ്ജയ് 15 ദിവസത്തെ ജയില്‍ ശിക്ഷ അനുഭവിക്കണം. ബി.ജെ.പി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ ഡോ.മേധ കിരിത് സോമയ്യയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുംബൈയിലെ മസ്ഗാവിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് റൗത്തിന് 25,000 രൂപ പിഴയും വിധിച്ചു. സഞ്ജയ് റാവുത്തിന് 15 ദിവസത്തെ തടവും 25,000 രൂപ പിഴയും വിധിച്ചുവെന്ന് ഡോ മേധ സോമയ്യയുടെ അഭിഭാഷകന്‍ വിവേകാനന്ദ് ഗുപ്ത പറഞ്ഞു.
മീരാ ഭയന്ദറിലെ പൊതു ശൗചാലയങ്ങളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് താനും ഭര്‍ത്താവും ചേര്‍ന്ന് 100 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് ആരോപിച്ച് മേധ സോമയ്യ റൗത്തിനെതിരെ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്‍മേലായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ശിവസേന (യുബിടി) എംപി സഞ്ജയ് റൗത്തിന് ജാമ്യം ലഭിച്ചു. റൗത്തിന്റെ ശിക്ഷയും 30 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.