അർജുന്റെ മൃതദേഹം എത്രയും പെട്ടെന്ന് വീട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത് എന്ന് ലോറി ഉടമ മനാഫ്. മൂന്നര വർഷമായി കൂടെ ഉണ്ടായിരുന്ന വ്യക്തി ആയിരുന്നു അർജുൻ, പ്രയാസപെട്ട 71 ദിവസങ്ങൾ ആണ് കടന്നു പോയതെന്ന് മനാഫ് കൂട്ടിച്ചേർത്തു.
തനിക്ക് ഇനി മക്കൾ മൂന്നല്ല നാലാണ്, അർജുന്റെ കുട്ടിയെ സ്വന്തം കുട്ടികൾക്കൊപ്പം വളർത്തും. അർജുന്റെ മാതാപിതാക്കൾക്ക് ഇനിയുള്ള കാലം മകനായി കൂടെയുണ്ടാകും. കഴിഞ്ഞ 72ദിവസങ്ങളായി ഷിരൂരിൽ തിരച്ചിലിനായി അലയുമ്പോൾ കല്ലായിലെ തന്റെ സ്ഥാപനം മറ്റൊരാൾ കയ്യേറി മരമെല്ലാം വിറ്റുവെന്നും മനാഫ് പറഞ്ഞു.
അർജുനെ ഗംഗാവലി പുഴയിൽ ഇട്ടിട്ട് വരാൻ തോന്നിയില്ല. തൊഴിലും കുടുംബവും മറന്നാണ് ഷിരൂരിൽ നിന്നത്. അതിനൊരു ഫലം ഉണ്ടായി. നിരന്തരം ഇതിന് പിന്നാലെയായിരുന്നുവെന്ന് മനാഫ് പറയുന്നു. എല്ലാം മാനസികാവസ്ഥയിലൂടെ തരണം ചെയ്യാൻ തയാറായിരുന്നു. എന്നാൽ കുറ്റപ്പെടുത്തലുകളും വ്യാജ ആരോപണങ്ങളിലും തകർന്നു പോയി. എന്നാൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ കഴിഞ്ഞു. അർജുനെ കിട്ടാതിരുന്നെങ്കിൽ കുറ്റക്കാരനെ പോലെ ജീവിക്കേണ്ടി വരുമായിരുന്നുവെന്ന് മനാഫ് പറഞ്ഞു.
ദിവസവും അർജുന്റെ അമ്മയുടെ സന്ദേശം വരും. തളരരുതേ എന്ന് ആവശ്യപ്പെടും. അത് വല്ലാത്ത ഊർജമായിരുന്നു എന്ന് മനാഫ് പറയുന്നു. അർജുനെ കണ്ടെത്തേണ്ടത് തന്റെ കൂടെ ആവശ്യമായിരുന്നു. അർജുന്റെ മകനോട് മറുപടി പറയേണ്ടി വരുമായിരുന്നു. മൃതദേഹം വീട്ടിലെത്തിക്കണമെന്ന് തിടുക്കം ഉണ്ടായിരുന്നുവെന്ന് മനാഫ് പറഞ്ഞു.