ഇനി ആ തെരുവ് എസ്പിബിയുടെ പേരിൽ അറിയപ്പെടും

എസ്പിബിയുടെ നേട്ടങ്ങള്‍ എളുപ്പത്തില്‍ എണ്ണിതീര്‍ക്കാവുന്നതല്ല.

S P Balasubrahmanyam

പ്രശസ്ത പിന്നണി ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന തെരുവിന് അദ്ദേഹത്തിന്റെ പേര് നല്‍കി. ചെന്നൈയിലെ നുങ്കമ്പാക്കം കാംദാർ മെയിന്‍ റോഡിന്റെ പേര് ഇനി മുതല്‍ ‘എസ്പി ബാലസുബ്രഹ്മണ്യം റോഡ്’ എന്നായിരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. സംഗീത രംഗത്തും ചലച്ചിത്ര മേഖലയിലും അദ്ദേഹം നല്‍കിയ അസാമാന്യ സംഭാവനകള്‍ പരിഗണിച്ചാണ് ഈ നടപടി എന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

നാല്‍പ്പതിനായിരത്തിലധികം പാട്ടുകള്‍ അദ്ദേഹത്തിന്റെതായി പുറത്തുവന്നു. ചലച്ചിത്ര ഗാന രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ചു. ആറു തവണ മികച്ച പിന്നണി ഗായകനുള്ള ദേശിയ പുരസ്‌കാരം, വിവിധ സംസ്ഥാനങ്ങളുടെ എണ്ണമറ്റ പുരസ്‌കാരങ്ങള്‍, ഏറ്റവുമധികം പാട്ടുകള്‍ പാടി റെക്കോര്‍ഡ് ചെയ്ത പിന്നണി ഗായകന്‍ എന്ന ഇനിയും തകര്‍ന്നു വീഴാത്ത ഗിന്നസ് റെക്കോര്‍ഡ്. എസ്പിബിയുടെ നേട്ടങ്ങള്‍ എളുപ്പത്തില്‍ എണ്ണിതീര്‍ക്കാവുന്നതല്ല.

2020 സെപ്റ്റംബര്‍ 25 നായിരുന്നു സംഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി നമ്മെ വിട്ടു പിരിഞ്ഞത്. എസ്പിബി എന്ന മൂന്നക്ഷരത്തെ സംഗീതം ലോകവും സംഗീതാസ്വാദകരും ഒരിക്കലും മറക്കില്ല, ആ ശബ്ദത്തില്‍ പിറന്ന ഗാനങ്ങള്‍ക്ക് കാലമെത്ര കഴിഞ്ഞാലും ആസ്വാദകരുണ്ടാകും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments