കന്നി കിരീടം തേടി പുതിയ പ്രതീക്ഷകളുമായി ഇന്ത്യയുടെ പെൺപട ക്രിക്കറ്റ് ടീം ലോകകപ്പ് വേദിയിലെത്തി. ഒക്ടോബർ 3ന് യുഎഇയിൽ ആരംഭിക്കുന്ന വനിതാ T20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഇന്നലെ രാവിലെയാണ് ദുബായിലെത്തിയത്.
ഹർമൻപ്രീത് കൗറിൻ്റെ നേതൃത്വത്തിലുള്ള ടീമിൽ കേരളത്തിൻ്റെ അഭിമാന താരങ്ങളായ ആശ ശോഭനയും സജന സജീവനുമുണ്ട്. ലോകകപ്പിന് മുൻപ് 29ന് വെസ്റ്റിൻഡീസിനെതിരെയും, ഒന്നിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇന്ത്യ സന്നാഹ മത്സരങ്ങൾ കളിക്കും. നാലിന് ന്യൂസീലൻഡിനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.
“ജൂണിൽ പുരുഷ T20 ലോകകപ്പ് കിരീടം നേടിയ രോഹിത് ശർമയും സംഘവും തങ്ങൾക്കു പ്രചോദനമാണ്” ഇന്നലെ മുംബൈയിൽ നിന്ന് യാത്ര തിരിക്കും മുൻപ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പറഞ്ഞു.
11 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പുരുഷ ടീം ഇത്തവണ ലോകകപ്പ് നേടിയത്. എന്നാൽ ലോകകപ്പിലെ കന്നി കിരീടത്തിനായുള്ള നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കുകയെന്നതാണ് പെൺപടയുടെ ലക്ഷ്യം. 2017 ഏകദിന ലോകകപ്പിലും 2020 T20 ലോകകപ്പിലും റണ്ണറപ്പായതാണ് ഇതുവരെയുള്ള മികച്ച നേട്ടം. കഴിഞ്ഞ വനിതാ T20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ പുറത്തായിരുന്നു.
മലയാളി സാന്നിധ്യം
രണ്ടു മലയാളികൾ ഉൾപ്പെട്ട ഇന്ത്യൻ ടീമാണ് ലോകകപ്പിനായി ഇറങ്ങുന്നത്. പ്രതീക്ഷകൾ ഒരുപാടാണ് ഇന്ത്യയ്ക്ക്.
ആശ ശോഭന- ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ കളിക്കുന്ന വലംകൈയ്യൻ ബാറ്ററും ലെഗ് ബ്രേക്ക് ബൗളറുമാണ് ആശ ശോഭന. പോണ്ടിച്ചേരി വനിതാ ക്രിക്കറ്റ് ടീമിനോടൊപ്പം ആഭ്യന്തര ക്രിക്കറ്റും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായും ആശ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഇന്ത്യ വനിത ക്രിക്കറ്റ് ടീമിൻ്റെ ബംഗ്ലാദേശ് പര്യടനത്തിൽ നാലാം മത്സരത്തിലാണ് ആശ ആദ്യമായി അന്താരാഷ്ട്രT20 മത്സരത്തിൽ അരങ്ങേറിയത്. പിന്നീട് ക്രിക്കറ്റിലെ നിറസാന്നിധ്യമായി വളർന്നു.
സജന സജീവൻ- ഓൾറൗണ്ടറായ സജന വലം കൈയ്യൻ ബാറ്ററും ബൗളറുമാണ്. ആഭ്യന്തര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനും IPLൽ മുംബൈക്കും വേണ്ടി കളിക്കുന്നു.
18 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യ പ്രവേശനം
വനിതാ T20 ലോകകപ്പ് മത്സരവേദിയിൽ 18 വയസ്സിൽ താഴെയുള്ളവർക്കു സൗജന്യ പ്രവേശനം. യുഎഇ നടക്കുന്ന ലോകകപ്പിലെ മത്സരങ്ങൾ ദുബായ്, ഷാർജ സ്റ്റേഡിയങ്ങളിലായാണ്. ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന ഇന്നലെ ആരംഭിച്ചു. ഒക്ടോബർ 3ന് ആരംഭിക്കുന്ന ലോകകപ്പിൻ്റെ ഫൈനൽ ഒക്ടോബർ ഇരുപതിനാണ്. ബംഗ്ലദേശിൽ നടക്കേണ്ട ലോകകപ്പാണ് അവിടത്തെ രാഷ്ട്രീയ സാഹചര്യം കാരണം യുഎഇയിലേക്കു മാറ്റിയത്.