ബീഹാര്‍; ബീഹാര്‍ ജില്ലയില്‍ ജീവത്പുത്രിക ഉത്സവത്തിനിടെ 43 പേര്‍ മുങ്ങി മരിച്ചു. സംസ്ഥാനത്തെ പതിനഞ്ചോളം ജില്ലകളിലാണ് ആളുകള്‍ മുങ്ങി മരിച്ചത്.മരിച്ചവരില്‍ മുപ്പത്തിയേഴ് പേര്‍ കുട്ടികളാണ്.ബുധനാഴ്ച്ച ആയിരുന്നു ‘ജിവത്പുത്രിക’ ഉത്സവം നടന്നത്. സ്ത്രീകള്‍ തങ്ങളുടെ കുട്ടികളുടെ ക്ഷേമത്തിനായി ഉപവസിക്കുകയും സ്ത്രീകളും കുട്ടികളും നദിയിലോ കുളങ്ങളിലോ ഇറങ്ങി സ്‌നാനം ചെയ്യുന്നതുമാണ് ജീവത് പുത്രിക ഉത്സവം.
കുളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങി മരണങ്ങള്‍ ഉണ്ടായത്.”ഇതുവരെ ആകെ 43 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൂന്ന് പേരെ കാണാതായി. കൂടുതല്‍ തിരച്ചില്‍ തുടരുകയാണ്, ”ദുരന്ത നിവാരണ വകുപ്പ് (ഡിഎംഡി) പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കിഴക്ക്, പടിഞ്ഞാറ് ചമ്പാരന്‍, നളന്ദ, ഔറംഗബാദ്, കൈമൂര്‍, ബക്സര്‍, സിവാന്‍, റോഹ്താസ്, സരണ്‍, പട്ന, വൈശാലി, മുസാഫര്‍പൂര്‍, സമസ്തിപൂര്‍, ഗോപാല്‍ഗഞ്ച്, അര്‍വാള്‍ ജില്ലകളില്‍ നിന്നാണ് മുങ്ങിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈ പതിനഞ്ച് ജില്ലകളിലാണ് ഉത്സവം നടന്നത്. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അതിനുള്ള നടപടികള്‍ ആരംഭിച്ചതായും മരിച്ച എട്ട് പേരുടെ കുടുംബാംഗങ്ങള്‍ക്ക് ഇതിനകം അത് ലഭിച്ചിട്ടുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.