ജബൽപൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഡിഎൻഎ തെളിവ് പരിഗണിക്കാതെ ആദിവാസി യുവാവിനെ ജയിലിൽ അടച്ച ജഡ്ജിക്കെതിരെ അന്വേഷണം. മധ്യപ്രദേശ് ഹൈക്കോടതിയാണ് ഒരു ജഡ്ജിക്ക് എതിരെയും ഒരു ജുഡീഷ്യൽ ഓഫീസർക്ക് എതിരെയും അന്വേഷണം ആരംഭിച്ചത്.
പ്രതികളുടെ രക്തസാമ്പിളുകൾ കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നും എടുത്ത തെളിവുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന റിപ്പോർട്ട് അവഗണിച്ച് കുറ്റാരോപിതരെ ജയിലിൽ അടച്ചതാണ് അന്വേഷണത്തിന് കാരണം.
സെപ്തംബർ 21 ന് ജസ്റ്റിസുമാരായ വിവേക് അഗർവാളും ദേവനാരായൺ മിശ്രയും അടങ്ങുന്ന ബെഞ്ചാണ് അന്വേഷണം പ്രഖ്യാപിച്ചത്. 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൻ്റെ വിചാരണയിൽ കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയതിലാണ് സ്‌പെഷ്യൽ പോക്‌സോ ജഡ്ജി വിവേക് സിംഗ് രഘുവൻഷിക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അസിസ്റ്റൻ്റ് ഡിസ്ട്രിക്ട് പ്രോസിക്യൂഷൻ ഓഫീസർ ബി കെ വർമയ്ക്ക് എതിരെയും അന്വേഷണമുണ്ടാകും.
ഡിഎൻഎ തെളിവുകൾ ഉണ്ടായിട്ടും അത് സമർപ്പിക്കാതിരുന്ന കുറ്റത്തിനാണ് ബി കെ വർമയ്‌ക്കെതിരെ അന്വേഷണം. അതേസമയം കുറ്റാരോപിതർ ഇക്കാര്യം കോടതിയെ ബോധിപ്പിച്ചിട്ടും തെളിവ് സ്വീകരിക്കാതെ ഇരുന്നതിനാൽ ജഡ്ജിക്ക് എതിരെയും അന്വേഷണം ഉണ്ടാകും. പോക്‌സോ കേസിൽ ആദിവാസി യുവാവിനെ 20 വർഷത്തേക്കാണ് ശിക്ഷിച്ചത്.
ഡിഎൻഎ തെളിവുകൾ പുനഃപരിശോധിക്കാനും കുറ്റാരോപിതരെയും സാക്ഷികളെയും വിസ്തരിക്കാനും ഹൈക്കോടതി വിചാരണക്കോടതിക്ക് നിർദേശം നൽകി.
കേസിൽ ശിക്ഷ ലഭിച്ച ബാബു ലാൽ സിംഗാണ് തൻ്റെ അഭിഭാഷകൻ മദൻ സിംഗ് മുഖേന ഹൈക്കോടതിയെ സമീപിച്ചത്. തൻ്റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. വ്യക്തമല്ലാത്ത കാരണങ്ങളാൽ പ്രോസിക്യൂട്ടർ പൊലീസ് സമർപ്പിച്ച സുപ്രധാന ഡിഎൻഎ തെളിവുകൾ കോടതിയിൽ സമർപ്പിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.
ജഡ്ജി വിവേക് സിംഗ് രഘുവൻഷി പ്രസ്തുത തെളിവുകൾ ഉൾപ്പെടെ രേഖപ്പെടുത്തിയ ഷീറ്റിൽ ഒപ്പിട്ടുണ്ടെന്നും എന്നാൽ ഈ തെളിവ് വിചാരണയിൽ പരിഗണിച്ചില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിനാൽ ഇരുവരും പ്രഥമ ദൃഷ്ടിയിൽ തന്നെ കുറ്റക്കാരാണെന്നും. കൃത്യ നിർവഹണത്തിൽ വരുത്തിയ ഗുരുതരമായ അനാസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഇരുവർക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.