ഈ മാസമാദ്യം കർണാടക ഹൈക്കോടതി ജഡ്ജി നടത്തിയ പാകിസ്ഥാൻ പരാമർശത്തിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് സുപ്രീം കോടതി. ഇന്ത്യയുടെ ഒരു പ്രദേശത്തെയും പാകിസ്ഥാൻ എന്ന് വിളിക്കുവാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത് അടിസ്ഥാനപരമായി രാജ്യത്തിൻ്റെ പ്രാദേശിക അഖണ്ഡതയ്ക്ക് വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
ജഡ്ജിമാർ സംയമനം പാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് കോടതി നിരവധി സുപ്രധാന നിരീക്ഷണങ്ങൾ നടത്തി. ജഡ്ജിമാർ ഏതെങ്കിലും വിഭാഗത്തിന് എതിരായിയുള്ളതും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് സുപ്രീംകോടതി നിർദേശം നൽകി.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള നീതിയെക്കുറിച്ചുള്ള ധാരണയും നീതി നിർവ്വഹണവും ഒരു വസ്തുനിഷ്ഠമായ വസ്തുത പോലെ പ്രധാനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം തുറന്ന കോടതിയിൽ ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ ക്ഷമാപണം നടത്തിയതിനെ തുടർന്ന് , നീതിയുടെയും കോടതിയുടെയും അന്തസ്സിനെ കണക്കിലെടുത്തുകൊണ്ട് മറ്റ് നടപടികളുമായി മുന്നോട്ട് പോകുന്നില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.