ന്യൂ ഡൽഹി: നടൻ സിദ്ദിഖ് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി മുഖേന മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്. ജൂനിയർ ആയ അഭിഭാഷക രഞ്ജീത റോത്തഗിയാണ് മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തത്.
ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ഈ വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് സിദ്ദിഖ് ആവശ്യപ്പെട്ടത്. സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാക്കുക. ദിലീപിന് വേണ്ടി സുപ്രിം കോടതിയിൽ വാദിക്കുന്ന അഭിഭാഷക സംഘം തന്നെയാണ് സിദ്ദിഖിന് വേണ്ടിയും വാദിക്കുക.
മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കണമെന്നാവശ്യപ്പെട്ട് നീക്കങ്ങൾ നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. സിദ്ദിഖിനെതിരെ മറ്റ് കേസുകൾ ഇല്ലാത്തതും, പരാതി നല്കാനുണ്ടായ കാലതാമസവും മുൻകൂർ ജാമ്യത്തിനായി ഉയർത്തി കാണിക്കുമെന്നാണ് സൂചന. കസ്റ്റഡിയിൽ വിടാതെ അന്വേഷണവുമായി സഹകരിക്കാമെന്ന വാഗ്ദാനവും സിദ്ദിഖ് നൽകും. അതേസമയം സർക്കാരും പരാതിക്കാരിയും സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെതിരെ തടസ ഹർജി ഫയൽ ചെയ്തിട്ടുണ്ടെന്നാണ് വിവരം.