കഴിഞ്ഞ ദിവസമായിരുന്നു 97ാമത് ഓസ്‌കറിലേക്കുള്ള എന്‍ട്രികള്‍ പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടത് ബോളിവുഡ് ചിത്രമായ ‘ലാപതാ ലേഡീസ്’ ആയിരുന്നു.
ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയിലെ 13 അംഗ ജൂറിയായിരുന്നു ലാപതാ ലേഡീസിനെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്തത്. 29 ചിത്രങ്ങള്‍ക്കൊപ്പം മത്സരിച്ചായിരുന്നു ഈ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി മാറിയത്.
എന്നാല്‍ ലാപതാ ലേഡീസ് അല്ലാതെ മറ്റൊരു ഹിന്ദി ചിത്രം കൂടെ 97ാമത് ഓസ്‌കറിലേക്കുള്ള ഔദ്യോഗിക എന്‍ട്രിയായി മാറിയതായാണ് റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിനുള്ള എന്‍ട്രിയായി യു.കെ. തെരഞ്ഞെടുത്തത് ഒരു ഹിന്ദി ചിത്രത്തെയാണ്.
സന്ധ്യാ സൂരി രചനയും സംവിധാനവും നിര്‍വഹിച്ച് 2024ല്‍ പുറത്തിറങ്ങിയ ‘സന്തോഷ്’ എന്ന ചിത്രത്തെയാണ് ഓസ്കാർ എൻട്രിയിലേക്ക് പരിഗണിച്ചത്. ഷഹാന ഗോസ്വാമി, സുനിത രാജ്വാര്‍ എന്നിവര്‍ അഭിനയിച്ച സിനിമ 2024 മെയ് 20ന് നടന്ന 77ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അണ്‍ സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ വേള്‍ഡ് പ്രീമിയര്‍ നടന്നിരുന്നു.
അക്കാദമി നിയോഗിച്ച സംഘടനയായ ബാഫ്റ്റയാണ് ഈ ചിത്രത്തെ യു.കെയ്ക്ക് വേണ്ടി തെരഞ്ഞെടുത്തത്. ഇംഗ്ലീഷ് ഇതര ഭാഷയില്‍ വന്ന ഒരു ബ്രിട്ടീഷ് സിനിമയെന്നതും 2023 നവംബര്‍ ഒന്നിനും 2024 സെപ്റ്റംബര്‍ 30നും ഇടയില്‍ യു.എസിന് പുറത്ത് തിയേറ്ററുകളില്‍ റിലീസ് ചെയ്തു എന്നതുമായിരുന്നു ‘സന്തോഷ്’ സിനിമ തെരഞ്ഞെടുക്കപ്പെട്ടതിന്റെ യോഗ്യത.
അതേസമയം തങ്കലാന്‍, വാഴൈ, ഉള്ളൊഴുക്ക്, ശ്രീകാന്ത് എന്നിവയും ലാപതാ ലേഡീസുമായിരുന്നു ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിക്കായുള്ള ജൂറിയുടെ അവസാന അഞ്ച് സിനിമകളില്‍ ഇടം നേടിയിരുന്നത്. മലയാളത്തില്‍ നിന്ന് ആടുജീവിതം, ഉള്ളൊഴുക്ക്, ആട്ടം, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്നീ ചിത്രങ്ങള്‍ 97ാമത് ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി പരിഗണിക്കപ്പെട്ടിരുന്നു.