തിരുപ്പൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ മകളെ കൊന്ന് ദമ്പതിമാര്‍ ജീവനൊടുക്കി. ആനൈക്കാട് സ്വദേശികളായ നാഗസുരേഷ് (41), ഭാര്യ വിജയലക്ഷ്മി (42), മുതീശ്വരി (6) എന്നിവരാണ് മരിച്ചത്. സുഹൃത്തിന് സാമ്പത്തികാവിശ്യം വന്നപ്പോള്‍ നാഗ സുരേഷ് ജാമ്യം നിന്നിരുന്നു. എന്നാല്‍ സുഹൃത്ത് കുടിശ്ശിക തിരിച്ചടച്ചില്ല. തുടര്‍ന്ന് ദമ്പതികള്‍ വലിയ ദുഖത്തിലായിരുന്നു. 13 വര്‍ഷമായി നാഗസുരേഷും വിജയലക്ഷ്മിയും വിവാഹിതരായിട്ട്. ആനൈക്കാട് പ്രദേശത്ത് ചായക്കട നടത്തുകയായിരുന്നു നാഗസുരേഷ്. നാഗസുരേഷിന്റെ സുഹൃത്ത് സൂര്യമൂര്‍ത്തി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷക്കണക്കിന് രൂപ ബാങ്കില്‍ നിന്ന് കടം വാങ്ങിയിരുന്നു. അതിന് ജാമ്യം നിന്നത് നാഗ സുരേഷ് ആയിരുന്നു.
കുടിശ്ശിക തിരിച്ചടയ്ക്കാനാവാതെ വന്നതോടെ രണ്ടാഴ്ച മുമ്പ് സൂര്യമൂര്‍ത്തി ആത്മഹത്യ ചെയ്തു. തുടര്‍ന്ന് നാഗസുരേഷ് സൂര്യമൂര്‍ത്തിയുടെ വീട്ടുകാരോട് പണത്തെക്കുറിച്ച് ചോദിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല. ജാമ്യം നില്‍ക്കുന്നതിനാല്‍ തുക നാഗ സുരേഷ്്് അടയ്‌ക്കേണ്ടതായി വരുമായിരുന്നു. ഇതോടെ നാഗസുരേഷും വിജയലക്ഷ്മിയും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ആത്മഹത്യ കുറിപ്പില്‍ ഇവര്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ ഇവരുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ച അയല്‍വാസികള്‍ തിരുപ്പൂര്‍ നോര്‍ത്ത് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തിരുപ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ശരീരം അഴുകിയ നിലയിലായിരുന്നു. നാല് ദിവസം മുമ്പ് വരെ ഇവരെ കണ്ടതായി സമീപവാസികള്‍ പറഞ്ഞു.