ഭൂൽ ഭുലയ്യ മൂന്നാം ഭാഗം ദീപാവലിക്കെത്തുന്നു

സെപ്റ്റംബർ 27 നാണ് ടീസർ പുറത്തിറക്കുന്നത്.

Bhool Bhulaiyya

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. മലയാളത്തിലെ ആദ്യ സൈക്കിക് ചിത്രം കൂടെയായിരുന്നു മണിച്ചിത്രത്താഴ്. ശോഭനയും മോഹൻലാലും സുരേഷ് ഗോപിയും പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ചിത്രം ഫാസിലായിരുന്നു സംവിധാനം ചെയ്തത്. വൻ വിജയം കൈവരിച്ച ചിത്രം മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഹിന്ദി ഭാഷകളിലും റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു.

ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്ന പേരിൽ ഒരുക്കിയ ചിത്രം പ്രിയദർശൻ ആയിരുന്നു സംവിധാനം ചെയ്തത്. ചിത്രത്തിൽ ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിദ്യാ ബാലൻ ആയിരുന്നു. വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവും ഹിന്ദിയിൽ ഇറങ്ങിയിരുന്നു. ആദ്യഭാഗത്തിൽ അക്ഷയ് കുമാർ ആണ് നായകനായതെങ്കിൽ രണ്ടാം ഭാഗത്തിൽ കാർത്തിക് ആര്യൻ ആയിരുന്നു നായകനായി എത്തിയത്.

എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ടീസർ പുറത്തിറക്കാനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ആദ്യ ഭാഗത്തിൽ അഭിനയിച്ച വിദ്യാ ബാലൻ മൂന്നാം ഭാഗത്തിലും എത്തുന്നുണ്ട്. സെപ്റ്റംബർ 27 നാണ് ടീസർ പുറത്തിറക്കുന്നത്. ദീപാവലിയിലേക്കാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. അനീസ് ബാസ്മിയാണ് മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്. മാധുരി ദീക്ഷിത്, ത്രിപ്തി ദിമ്രി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലും റിലീസ് ചെയ്ത മണിച്ചിത്രത്താഴിന്റെ റീമേക്കുകൾക്കും രണ്ടാം ഭാഗം ഒരുങ്ങിയിരുന്നു.

അതേസമയം മലയാളത്തിൽ മണിച്ചിത്രത്താഴ് തീയേറ്ററുകളിൽ റീ റിലീസ് ചെയ്തിരുന്നു. 4.4 കോടി രൂപയാണ് ചിത്രം റീറിലീസിലൂടെ മാത്രം സ്വന്തമാക്കിയത്. മൂന്ന് കോടി രൂപ കേരളത്തിൽ നിന്നും 40 ലക്ഷം മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഒരു കോടി ഓവർസീസിലൂടെയുമാണ് ലഭിച്ചത്. 2024 ആഗസ്റ്റ് 17 നായിരുന്നു ചിത്രം തിയേറ്ററുകളിൽ വീണ്ടുമെത്തിയത്.

1993 ലാണ് ‘മണിച്ചിത്രത്താഴ്’ റിലീസ് ചെയ്തത്. ശോഭനയ്ക്കും മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ഒപ്പം നെടുമുടി വേണു, ഇന്നസെന്റ്, കെപിഎസി ലളിത, വിനയ പ്രസാദ്, കെ ബി ഗണേഷ്‌കുമാര്, സുധീഷ്, കുതിരവട്ടം പപ്പു, ശ്രീധര്, തിലകന് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മണിച്ചിത്രത്താഴിലെ അഭിനയത്തിന് നടി ശോഭനയ്ക്ക് ആ വർഷത്തെ ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments