തിരുമല തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവിലെ മൃഗ കൊഴുപ്പ് വിവാദത്തിന് പിന്നാലെ ഇതായിപ്പോൾ മറ്റൊന്ന് കൂടി. ലഡ്ഡുവിൽ പുകയില കണ്ടെന്നാണ് ആരോപണം. തെലുങ്കാനയിലെ ഖമ്മം ജില്ലയിലെ ഒരു ഭക്തയാണ് ഗുരുതരമായ ആശങ്ക ഉയർത്തിയിരിക്കുന്നത്. താൻ വീട്ടിലേക്ക് കൊണ്ടുവന്ന പ്രസാദത്തിനുള്ളിൽ പേപ്പറിൽ പൊതിഞ്ഞ പുകയില കഷണങ്ങൾ കണ്ടെത്തിയെന്നാണ് ഇവരുടെ ആരോപണം. പ്രസാദം ഉപയോഗിക്കുന്ന നെയ്യിൽ മൃഗ കൊഴുപ്പ് വിവാദം കത്തി നിൽക്കെയാണ് പുതിയ വിവാദം.
സെപ്റ്റംബർ 19 ന് ഖമ്മം ജില്ലക്കാരിയായ ദോന്തു പത്മാവതി എന്ന ഭക്തയാണ് ക്ഷേത്രത്തിലെത്തി പ്രസാദം സ്വീകരിച്ചത്. ക്ഷേത്രം സന്ദർശിച്ച ശേഷം, തൻ്റെ കുടുംബത്തോടൊപ്പം പ്രസാദം പങ്കിടുന്നതിനിടെയാണ് പുകയില കണ്ടത്.
പ്രസാദം വിതരണം ചെയ്യുവാനായി പേപ്പർ തുറന്നപ്പോഴായിരുന്നു പുകയില കഷ്ണങ്ങൾ കണ്ടത്. അത് കണ്ട് ഞാൻ ഭയപ്പെട്ടു. പ്രസാദം പവിത്രമായ ഒന്നാണ്. അങ്ങനെയിരിക്കെ ഇത്തരമൊരു പ്രവർത്തികൾ കണ്ടെത്തുന്നത് വളരെ വേദനാജനകമാണ്. പദ്മാവതി പറഞ്ഞു.
ഇതോടെ പ്രസാദത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഭക്തർക്കിടയികൾ ആശങ്ക ഉയരുകയാണ്. ദശലക്ഷകണക്ക് തീർത്ഥാടകരാണ് തിരുപ്പതി പ്രസാദമായ ലഡ്ഡു തങ്ങളുടെ വീടുകളിലേക്ക് വാങ്ങികൊണ്ടുപോവുകയും സേവിക്കുകയൂം ചെയ്യുന്നത്. ഈ ഇടക്കാല അവകാശവാദങ്ങൾ തിരുമല തിരുപ്പതി ദേവസ്ഥാനത്തിൻ്റെ (ടിടിഡി) ഗുണനിലവാര നിയന്ത്രണ നടപടികളെക്കുറിച്ച് സംശയങ്ങൾ ഉന്നയിക്കുകയാണ്..
കഴിഞ്ഞ ദിവസം പ്രസാദത്തിൽ മൃഗകൊഴുപ്പ് കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രത്തിൽ പരിഹാര ക്രിയകൾ ചെയ്തിരുന്നു.ആചാരങ്ങളിൽ ക്രമക്കേടുകൾ സംഭവിക്കുമ്പോഴാണ് ഇത്തരം പരിഹാരങ്ങൾ നടത്തുക. തുടർന്ന്, പ്രസാദത്തിൻ്റെ പരിശുദ്ധിയും പവിത്രതയും പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ഭക്തർക്ക് ഉറപ്പ് നൽകി, തീർഥാടകരോട് വിശ്വാസം നഷ്ടപ്പെടരുതെന്ന് അഭ്യർത്ഥിച്ചു.