പ്രയാഗ്‌രാജ്: ന്യൂഡൽഹിയിൽ നിന്ന് ബീഹാറിലെ ഗയയിലേക്ക് പോവുകയായിരുന്ന മഹാബോധി എക്‌സ്പ്രസ് ട്രെയിനിന് നേരെ ചിലർ കല്ലെറിഞ്ഞു. സംഭവത്തിൽ ട്രെയിനിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് സംഭവം . ട്രെയിൻ പ്രയാഗ്‌രാജ് ജംഗ്ഷനിൽ നിന്ന് ഗയയിലേക്ക് രാത്രി ഒമ്പത് മണിക്ക് പുറപ്പെട്ട ശേഷം യമുന പാലത്തിന് മുമ്പാണ് ചിലർ ട്രെയിനിന് നേരെ കല്ലെറിയാൻ തുടങ്ങിയത് . ഏകദേശം 50 മുതൽ 60 വരെ കല്ലുകൾ എറിയപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു, അവയിൽ പലതും ജനലിലൂടെ എസ് -3 കോച്ചിലേക്ക് വീഴുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. പേടിച്ചരണ്ട യാത്രക്കാർ ഓടിയതോടെ കോച്ചിൽ പരിഭ്രാന്തി പടർന്നു.
ട്രെയിനിലുണ്ടായിരുന്ന ആർപിഎഫ് ജവാൻമാർ തിരച്ചിൽ ആരംഭിച്ചപ്പോൾ പ്രതികളെല്ലാം ഓടി രക്ഷപ്പെട്ടു. നിലവിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. തുടർന്ന് ട്രെയിൻ മിർസാപൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തി. ഇവിടെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം പരിക്കേറ്റ യാത്രക്കാർക്ക് ചികിത്സ നൽകി. നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പല യാത്രക്കാരുടെയും തലയിലും കഴുത്തിലും കല്ല് കൊണ്ടു.
രാജ്യത്തിൻ്റെ മറ്റ് പ്രദേശങ്ങളിൽ നിന്നും ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായതായി റിപ്പോർട്ടുണ്ട്. അടുത്തിടെ, ഛത്തീസ്ഗഡിലെ ദുർഗ്-വിശാഖപട്ടണം വന്ദേ ഭാരത് എക്‌സ്‌പ്രസിൻ്റെ ട്രയൽ റണ്ണിനിടെ, മഹാസമുന്ദ് ജില്ലയിലെ ബാഗ്‌ബഹാര റെയിൽവേ സ്‌റ്റേഷനു സമീപം ട്രെയിനിനുനേരെ അക്രമികൾ കല്ലെറിഞ്ഞു. ഇതിൽ മൂന്ന് കോച്ചുകളുടെ ചില്ലുകൾ തകർത്തു. ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും 1989 ലെ റെയിൽവേ ആക്ട് സെക്ഷൻ 153 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ട്രെയിനുകൾക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ഈ കല്ലേറ് സംഭവം. കഴിഞ്ഞ ആഴ്ചകളിൽ റെയിൽവേ ട്രാക്കുകളിൽ ഇരുമ്പ് ദണ്ഡുകൾ സ്ഥാപിച്ച് ട്രെയിനുകൾ പാളം തെറ്റിക്കാനുള്ള നിരവധി ശ്രമങ്ങൾ നടന്നിരുന്നു. ട്രാക്കുകളിൽ ഗ്യാസ് സിലിണ്ടറുകൾ സ്ഥാപിച്ച രണ്ടു സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.