സാലറി ചലഞ്ച് നീട്ടി; വിടാതെ സർക്കാർ

സാലറി ചലഞ്ച് പരാജയപ്പെട്ടതിൻ്റെ വെളിച്ചത്തിലാണ് സമ്മതപത്രം നൽകാനുള്ള സമയപരിധി നീട്ടിയതെന്ന ആക്ഷേപവും ഉയരുന്നു.

Salary Challenge

തിരുവനന്തപുരം: വയനാട് ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട് സാലറി ചലഞ്ചിൽ പങ്കെടുക്കാൻ സമ്മതപത്രം നൽകുന്നതിനുള്ള സമയപരിധി നീട്ടി. സെപ്റ്റംബർ മാസത്തെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്ത് സംഭാവന നൽകുന്നതിന് അനുമതി നൽകി ധനവകുപ്പ് ഉത്തരവ് ഇന്നിറങ്ങി. ആഗസ്ത് മാസത്തെ ശമ്പളത്തിൽ നിന്നും കുറവ് ചെയ്യാനായിരുന്നു നേരത്തെ ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. പല ജീവനക്കാർക്കും സമ്മതപത്രം നൽകാൻ സാധിച്ചില്ലെന്നും സമയ പരിധി നീട്ടി നൽകണമെന്ന നിവേദനം ലഭിച്ചുവെന്നുമാണ് പുതിയ ഉത്തരവ് ഇറക്കിയതിന് ന്യായികരണമായി സർക്കാർ പറയുന്നത്.

സാലറി ചലഞ്ച് പരാജയപ്പെട്ടതിൻ്റെ വെളിച്ചത്തിലാണ് സമ്മതപത്രം നൽകാനുള്ള സമയപരിധി നീട്ടിയതെന്ന ആക്ഷേപവും ഉയരുന്നു. അഞ്ച് ദിവസം നിർബന്ധമാക്കാതെ ജീവനക്കാരുടെ കഴിവിൻ്റെ അടിസ്ഥാനത്തിൽ സാലറി നൽകാൻ അനുവദിക്കണമെന്ന പ്രതിപക്ഷ സംഘടനകളുടെ ആവശ്യം സർക്കാർ തള്ളിയിരുന്നു. ജീവനക്കാരിൽ പകുതിയിൽ താഴെ പേരാണ് സാലറി ചലഞ്ചിൽ പങ്കെടുത്തത് എന്ന വിവരം പുറത്ത് വന്നിരുന്നു. ക്ഷാമബത്ത അടക്കം നിരവധി ആനുകൂല്യങ്ങൾ 3 വർഷമായി ജീവനക്കാർക്ക് ലഭിക്കുന്നില്ല. അതിൻ്റെ പ്രതിഷേധവും സാലറി ചലഞ്ചിനെ ബാധിച്ചു.

സാലറി ചലഞ്ചിലൂടെ 500 കോടി രൂപ പ്രതീക്ഷിച്ച സര്‍ക്കാരിന് ജീവനക്കാരുടെ എട്ടിൻ്റെ പണി. സിഎംഡിആര്‍എഫ് വയനാട് അക്കൗണ്ടിലേക്ക് ലഭിച്ചത് 41 കോടി രൂപ മാത്രമായിരുന്നു. 5 ദിവസത്തെ ലീവ് സറണ്ടറും, പിഎഫും ഉള്‍പ്പെടുന്ന തുകയാണിത്. പ്രതീക്ഷിച്ച തുക കിട്ടാതെ വന്നതോടെയാണ് സർക്കാർ സാലറി ചലഞ്ച് നൽകാനുള്ള സമയം ദീർഘിപ്പിച്ചത്.

സാലറി ചലഞ്ചിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് എതിർപ്പുയർന്നിരുന്നു. അതിനാൽ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നില്ല. ഇതിനിടയിലാണ് ട്രഷറി രേഖകള്‍ പുറത്തായത്. ഇത് പ്രകാരം 41 കോടി 20 ലക്ഷത്തോളം രൂപയാണ് ഇതുവരെ കിട്ടിയത്. ഇത് ഒരു ദിവസത്തെ ശമ്പളം നല്‍കിവരുടെ മാത്രം കണക്കായിരുന്നെങ്കില്‍ സര്‍ക്കാരിന് ആശ്വസിക്കാമായിരുന്നു. പക്ഷെ ലീവ് സറണ്ടര്‍ ചെയ്തും, പിഎഫ് വായ്പയുടെ തുകയില്‍ നിന്നും 5 ദിവസത്തെ ശമ്പളം നല്‍കിയതെല്ലാം കൂട്ടിയാണ് ഈ 41 കോടി.

വയനാട് പുനരധിവാസത്തിനായി 5 ദിവസത്തില്‍ കുറയാത്ത ശമ്പളമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ സംഭാവന ചെയ്യേണ്ടത്. സെപ്റ്റംബറില്‍ നല്‍കുന്ന ഓഗസ്റ്റിലെ ശമ്പളത്തില്‍നിന്ന് ഒരു ദിവസത്തേയും അടുത്തമാസങ്ങളില്‍ രണ്ടുദിവസത്തേയും ശമ്പളം വീതം നൽകണം. അങ്ങനെ പരമാവധി മൂന്നുഗഡുക്കളായി പണം നൽകണമെന്നായിരുന്നു നിര്‍ദേശം. ഒന്നോ രണ്ടോ ഗഡുക്കളായും ഒടുക്കാമെന്നും അഞ്ചുദിവസത്തില്‍ കൂടുതലുള്ള ശമ്പളവും നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇങ്ങനെ 500 കോടി രൂപ സ്വരൂപിക്കാമെന്നായിരുന്നു സര്‍ക്കാരിൻ്റെ കണക്കുകൂട്ടല്‍. പക്ഷെ സംഗതി പാളി. സാലറി ചലഞ്ച് വഴി ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനുള്ള സര്‍ക്കാരിൻ്റെ നീക്കത്തിന് ജീവനക്കാര്‍ മറുപണി കൊടുത്തത് ലീവ് സറണ്ടര്‍ വഴിയാണ്.

ധനവകുപ്പിൻ്റെ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചതിവിടെയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം കാലങ്ങളായി ലീവ് സറണ്ടര്‍ ചെയ്ത് പണമാക്കാന്‍ നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതിയില്ല. എന്നാല്‍ സാലറി ചലഞ്ച് ചെയ്യാന്‍ മാത്രം ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിരുന്നു. സാലറി ചലഞ്ച് അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ പട്ടിക നോക്കുമ്പോള്‍ അധികം ലീവ് സറണ്ടര്‍ പ്രയോജനപ്പെടുത്തിയതായാണ് കാണുന്നത്. ഇങ്ങനെ അഞ്ചുദിവസത്തെ ശമ്പളം മുഴുവന്‍ ലീവ് സറണ്ടറായി ഒറ്റ ഗഡുവായി ജീവനക്കാര്‍ അടച്ചു.

ഫലത്തില്‍ കണക്കില്‍ പണമെത്തിയെങ്കിലും അക്കൗണ്ടില്‍ പണം ഇല്ല. ഈ തുക ധനവകുപ്പ് നല്‍കേണ്ടി വരും. അതായത് ഇനി ലീവ് സറണ്ടര്‍, പിഎഫ് വായപാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താത്തവരുടെ വകയായി സാലറി ചലഞ്ചിലൂടെ വരുന്ന നാല് ദിവസത്തെ ശമ്പളം മാത്രമാണ് കിട്ടാനുള്ളത്. ഒക്ടോബറിലും നവംബറിലും അക്കൗണ്ടിലേക്ക് വരുന്നത് ലീവ് സറണ്ടറും, പിഎഫ് സംഭവാനയും ഇല്ലാത്ത തുകയാണ്. ഇങ്ങനെ നോക്കിയാല്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ച തുകയുടെ പകുതി പോലും ലഭിക്കാനിടയില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments