പിറന്നത് പുതുചരിത്രം: ടെസ്റ്റിൽ വിജയ റെക്കോർഡുള്ള ടീമായി ഇന്ത്യയും 

ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യ വിജയിക്കുന്ന 179-ാം മത്സരമായിരുന്നു ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്.

India make history in test match

വരുന്നവരും പോകുന്നവരുമെല്ലാം തകർത്തു കളിക്കുമ്പോൾ പിന്നെങ്ങനെയാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം വളരാതിരിക്കുക? 1983-ൽ “കപിലിൻ്റെ ചെകുത്താൻമാർ “ ഉയർത്തിയ ആദ്യ ലോകകപ്പിൽ നിന്നുമാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിൻ്റെ യഥാർത്ഥ വിജയത്തിളക്കം ആരംഭിക്കുന്നത്.

താരപദവിക്കപ്പുറം ഒരു ടീമിലെ 11 പേരും പ്രഗൽഭരാകുകയാണ് ഇന്ത്യൻ ടീമിൽ. രോഹിത്, വിരാട് കോലി, ജഡേജ തുടങ്ങി ഓരോ കാലഘട്ടങ്ങളിലും ഒന്നോ രണ്ടോ പേരിൽ അർപ്പിക്കുന്ന വിശ്വാസത്തെ പാടേ മാറ്റിയാണ് വലിയൊരു നിര തന്നെ ഇന്ന് ഇന്ത്യൻ ടീമിൽ പ്രവർത്തിക്കുന്നത്.

ഇവർ ക്രിക്കറ്റിനെ മനോഹരമാക്കുന്നു

പുതുമയുള്ള ഒരു പരമ്പരയെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം വാർത്തെടുത്തത്. ഈ വർഷം ആദ്യം ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങൾക്കായി ഇന്ത്യയിൽ പര്യടനം നടത്തി, 89 ശരാശരിയിൽ 712 റൺസുമായി ഇന്ത്യയുടെ സൂപ്പർ യങ്ങ് സ്റ്റാർ യശസ്വി ജയ്‌സ്വാൾ പരമ്പരയിൽ ആധിപത്യം നേടി.

അശ്വിനും (26) ഒരുപോലെ തിളങ്ങി, കൂടാതെ സ്പിന്നർമാർ ആധിപത്യം പുലർത്തുന്ന പരമ്പരയിൽ ബുംറ 19 വിക്കറ്റുകൾ നേടി. ശുഭ്മാൻ, റിഷഭ് പന്ത് ,ഇഷാൻ കിഷൻ തുടങ്ങിയ പ്രതിഭകളെല്ലാം വരുംകാല ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ നെടുംതൂണുകളാണ്.

തിരുത്തിയ ചരിത്രം

1932-ൽ സി.കെ നായിഡുവിൻ്റെ നേതൃത്വത്തിലാണ് ഇന്ത്യ തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചത്. ജൂൺ 25 മുതൽ ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരേ നടന്ന ആ മത്സരത്തിൽ ഇന്ത്യ 158 റൺസിന് തോറ്റു.അവിടെ നിന്നിങ്ങോട്ട് ടെസ്റ്റിൽ ഇന്ത്യ നേടിയ വിജയങ്ങളുടെ എണ്ണം തോൽവികളേക്കാൾ കുറവായിരുന്നു.

92 വർഷങ്ങൾക്കിടെ ഇതാദ്യമായി ഇന്ത്യയുടെ ടെസ്റ്റ് ജയങ്ങളുടെ എണ്ണം തോൽവികളുടെ എണ്ണത്തേക്കാൾ മുന്നിലെത്തിയ മത്സരമായിരുന്നു ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ് .

ടെസ്റ്റിൽ ഇതുവരെ ഇന്ത്യ 581 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 178 തോൽവികളും 222 സമനിലകളുമുണ്ടായിരുന്ന ഇന്ത്യയുടെ ജയങ്ങളുടെ എണ്ണം 179 ആയി ഉയർന്നു. ഒരു മത്സരം ടൈ ആയി. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ടെസ്റ്റുകൾ ജയിച്ച നാലാമത്തെ ടീമാണ് ഇന്ത്യ ഇപ്പോൾ.

ടെസ്റ്റിൽ തോൽവികളേക്കാൾ ജയങ്ങളുടെ എണ്ണം കൂടുതലുള്ള മറ്റ് ടീമുകളുമുണ്ട്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, പാകിസ്‌താൻ എന്നിവരാണ്.

ഓസ്ട്രേലിയ: വിജയം – 414, തോൽവി – 232

ഇംഗ്ലണ്ട്: വിജയം – 397, തോൽവി – 325

ദക്ഷിണാഫ്രിക്ക: ജയം – 179, തോൽവി – 161

ഇന്ത്യ: വിജയം – 179, തോൽവി – 178

പാകിസ്ഥാൻ: വിജയം – 148, തോൽവി – 144

ബംഗ്ലാദേശിനെതിരേ സ്വന്തം നാട്ടിലുള്ള രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര കൂടാതെ ന്യൂസീലൻഡിനെതിരേ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും, ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ബോർഡർ ഗാവസ്‌കർ ട്രോഫിയുമാണ് ഇന്ത്യയെ കാത്തിരിക്കുന്ന അടുത്ത ടെസ്റ്റ് പരീക്ഷണങ്ങൾ. വിജയക്കൊടി പാറിച്ചുകൊണ്ട് എല്ലാ പരീക്ഷണങ്ങളും ഇന്ത്യ നേടുമെന്ന് പ്രതീക്ഷിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments