ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് (WTC) പോയിൻ്റ് പട്ടികയില്‍ ഒന്നാംസ്ഥാനം ഇന്ത്യ നിലനിര്‍ത്തിയിരിക്കുകയാണ്. ചെന്നൈ ടെസ്റ്റില്‍ ഒന്നര ദിവസത്തോളം ബാക്കിനില്‍ക്കെ 280 റണ്‍സിൻ്റെ വമ്പന്‍ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ തുടര്‍ച്ചയായി മൂന്നാം തവണയും ലോക ചാംപ്യന്‍ഷിപ്പിൻ്റെ ഫൈനലിന് ഒരുപടി കൂടി അടുക്കുകയും ചെയ്തു.
ടെസ്റ്റില്‍ ഐസിസി ലോക ചാംപ്യന്‍ഷിപ്പിനു തുടക്കമിട്ട ശേഷം ഇതുവരെ നടന്നിട്ടുള്ള രണ്ടു എഡിഷനുകളിലും ഫൈനലില്‍ കളിച്ച ഏക ടീമെന്ന റെക്കോര്‍ഡ് ഇന്ത്യക്കു സ്വന്തമാണ്. പക്ഷെ രണ്ടു തവണയും കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായില്ല. പ്രഥമ എഡിഷൻ്റെ കലാശപ്പോരില്‍ ന്യൂസിലാന്‍ഡിനോടാണ് വിരാട് കോലി നയിച്ച ഇന്ത്യന്‍ ടീമിനു കാലിടറിയത്.
രണ്ടാം എഡിഷനിലാവട്ടെ കിരീടപ്പോരാട്ടത്തില്‍ ഇന്ത്യയെ, ഓസ്‌ട്രേലിയയും വീഴ്ത്തുകയായിരുന്നു. രോഹിത് ശര്‍മയാണ് അന്നു ടീമിനെ നയിച്ചത്. അടുത്ത വര്‍ഷം ഇംഗ്ലണ്ടിലാണ് വീണ്ടുമൊരു ഫൈനല്‍ നടക്കാനിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയും ടീം ഇന്ത്യ ഫൈനല്‍ കളിക്കുമോ എന്ന ചര്‍ച്ചയാണിപ്പോള്‍ ഉയരുന്നത്.
വീണ്ടും ഇന്ത്യ-ഓസീസ് ഫൈനല്‍?
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും, ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഫൈനലിലേക്കാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഒരിക്കല്‍ കൂടി രോഹിത് ശര്‍മയും പാറ്റ് കമ്മിന്‍സും ടെസ്റ്റിലെ ലോക കിരീടത്തിനായി പോരടിക്കും. പോയിൻ്റ് പട്ടികയില്‍ തലപ്പത്ത് ഇന്ത്യയാണെങ്കില്‍ ഓസീസ് രണ്ടാമതുണ്ട്.
ഡബ്ല്യുടിസിയുടെ ഈ സൈക്കിളില്‍ ഇതിനകം കളിച്ചിട്ടുള്ള 10 ടെസ്റ്റുകളില്‍ ഏഴിലും വിജയം കൊയ്യാന്‍ ഇന്ത്യക്കായിട്ടുണ്ട്. രണ്ടെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്കു തോല്‍വി. ഒരു ടെസ്റ്റ്,സമനിലയിലും കലാശിച്ചു.
62.50 വിജയശതമാനവുമായിട്ടാണ് ഓസ്‌ട്രേലിയ രണ്ടാംസ്ഥാനത്തുള്ളത്. 12 ടെസ്റ്റുകളിള്‍ ഇതിനകം കളിച്ചുകഴിഞ്ഞു, ഇതില്‍ എട്ടെണ്ണത്തില്‍ ജയിച്ച ഓസീസ് മൂന്നെണ്ണത്തില്‍ തോല്‍ക്കുകയും ഒന്നില്‍ സമനില വഴങ്ങുകയും ചെയ്തു.
പ്രഥമ എഡിഷനിലെ ചാംപ്യന്‍മാരായ ന്യൂസിലാന്‍ഡാണ് പോയിൻ്റ് പട്ടികയില്‍ മൂന്നാമത്. ഫൈനലിലെത്താന്‍ കിവികള്‍ക്കു ഇനിയും സാധ്യതയുണ്ട്. ഓസ്‌ട്രേലിയക്ക് ഇനിയുള്ള ടെസ്റ്റുകളില്‍ തിരിച്ചടികള്‍ നേരിട്ടാല്‍ കിവികളുടെ പ്രതീക്ഷകള്‍ വര്‍ധിക്കും. 50 ആണ് ന്യൂസിലാന്‍ഡ് ടീമിൻ്റെ വിജയ ശതമാനം.
ആറു ടെസ്റ്റുകള്‍ ഇതിനകം കളിച്ച അവര്‍ മൂന്നെണ്ണത്തില്‍ ജയിച്ചപ്പോള്‍ ശേഷിച്ച മൂന്നെണ്ണം സമനിലയിലും കലാശിക്കുകയായിരുന്നു. ശ്രീലങ്ക (വിജയശതമാനം 42.86), ഇംഗ്ലണ്ട് (42.19) എന്നിവരാണ് പോയിൻ്റ് പട്ടികയില്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍.
ഫൈനലിലേക്ക് എത്ര ജയം വേണം?
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിൻ്റെ ഈ സൈക്കിള്‍ ക്ലൈമാക്‌സിലേക്കു അടുക്കവെ ഫൈനലിനു മുമ്പ് ഇന്ത്യക്കു ഇനി ബാക്കിയുള്ളത് ഒമ്പതു ടെസ്റ്റുകളാണ്. ബംഗ്ലാദേശുമായുള്ള പരമ്പരയിലെ ഒരു ടെസ്റ്റിനു ശേഷം, ന്യൂസിലാന്‍ഡുമായി നാട്ടില്‍ മൂന്നു ടെസ്റ്റുകളില്‍ ഇന്ത്യ ഏറ്റുമുട്ടും. അടുത്ത മാസമാണ് കിവീസ് ടീം ഇന്ത്യയിലെത്തുക.
അതിനു ശേഷം ഓസ്‌ട്രേലിയയിലേക്കു പറക്കുന്ന ഇന്ത്യ ഡിസംബര്‍- ജനുവരി മാസങ്ങളിലായി അവിടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് കളിക്കുക. ഇതോടെ ഡബ്യുടിസി കലണ്ടറില്‍ ഇന്ത്യയുടെ ടെസ്റ്റുകളും അവസാനിക്കും.
ശേഷിച്ച ഈ ഒമ്പതു ടെസ്റ്റുകളില്‍ നാലോ, അതില്‍ക്കൂടുതലോ മല്‍സരങ്ങളില്‍ വിജയിക്കാനായാല്‍ ഇന്ത്യക്കു ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കാന്‍ സാധിക്കും. പക്ഷെ ഇതു അത്ര എളുപ്പമാവില്ല. കാരണം ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേുള്ള ടെസ്റ്റ് പരമ്പര ഇന്ത്യക്കു ഏറെ കടുപ്പം തന്നെയായിരിക്കും.
അതുകൊണ്ടു തന്നെ ബംഗ്ലാദേശുമായുള്ള അടുത്ത ടെസ്റ്റ് കൂടി ജയിച്ച് പരമ്പര തൂത്തുവാരേണ്ടത് ഇന്ത്യക്കു പ്രധാനമാണ്. അതിനു ശേഷം ന്യൂസിലാന്‍ഡിനെയും 3-0നു തൂത്തുവാരാന്‍ സാധിച്ചാല്‍ ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു മുമ്പ് തന്നെ ഇന്ത്യക്കു ഫൈനലില്‍ സ്ഥാനമുറപ്പിക്കാം.