തിരുവനന്തപുരം: പിവി അൻവർ എംഎൽഎ വനംവകുപ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധവുമായി സ്റ്റാഫ് അസോസിയേഷൻ. അന്തസോടെയും ആത്മാഭിമാനത്തോടെയും ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉണ്ടാകണമെന്ന് കേരള ഫോറസ്റ്റ് പ്രോട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ പുറത്തിറക്കിയ വാർത്താപത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അൻവർ വനംവകുപ്പ് റേഞ്ച് ഓഫിസറെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
എംഎൽഎയുടെ വാഹനം പാർക്ക് ചെയ്യുന്നതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് ജീവനക്കാരുടെ സംഘടന വ്യക്തമാക്കി. കഴിഞ്ഞ ദിവസം നിലമ്പൂരിൽ വനംവകുപ്പിന്റെ പരിപാടിയിൽ പങ്കെടുത്ത് പുറത്തിറങ്ങിയപ്പോൾ അൻവർ വനം വകുപ്പ് ഉദ്യോഗസ്ഥനോട് കയർക്കുന്നതുകയും ഭീഷണി സ്വരത്തിൽ സംസാരിക്കുകയും ചെയ്തിരുന്നു.
എംഎൽഎയുടെ വാഹനം മാറ്റിയിടാൻ ഡ്രൈവറോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ആദ്യം ഒരു സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തപ്പോൾ മാറ്റിയിടണമെന്ന് പറഞ്ഞു. വീണ്ടും മാറ്റിയിട്ടപ്പോള്‍ അവിടെ നിന്നും മാറ്റിയിടാൻ പറഞ്ഞുവെന്നാണ് അൻവർ ഉന്നയിക്കുന്ന ആരോപണം.
ഡ്രൈവർ ഇക്കാര്യം സംബന്ധിച്ച് അൻവറിനോട് പരാതി പറയുകയും തുടർന്ന് വണ്ടി മാറ്റിയിടാൻ പറഞ്ഞ ഓഫീസറെ അൻവർ നേരിൽ കാണാൻ ശ്രമിക്കുകയും ചെയ്തു. ഇയാൾ സ്ഥലത്തില്ലെന്ന് റേഞ്ച് ഓഫീസര്‍ അറിയിച്ചതിന് പിന്നാലെ എംഎൽഎ റേഞ്ച് ഓഫീസറോട് തട്ടിക്കയറുകയായിരുന്നു.