തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ സിപിഎം എംഎൽഎ എം മുകേഷിനെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് സിപിഐ നേതാവ് രാജ. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ് ആനി രാജ. സിപിഐക്കാരി എന്ന നിലയിലും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്ന നിലയിലുമാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകളുടെ അന്തസ് മറ്റെന്തിനെക്കാളും വലുതല്ലേ എന്നാണ് പീഡനക്കേസ് പ്രതി എംഎൽഎയായി തുടരുന്നത് പിന്തുണയ്ക്കുന്നവരോട് ചോദിക്കാൻ ഉള്ളതെന്നും ആനി രാജ പറഞ്ഞു.
ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ മൊഴി എടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ മുൻകൂർ ജാമ്യം കിട്ടിയതിനാൽ മൊഴി എടുത്ത ശേഷം വിട്ടയ്ക്കുക ആയിരുന്നു. ഒരു ലക്ഷം രൂപയും രണ്ട് ആള്‍ ജാമ്യത്തിന്മേലുമാണ് സ്റ്റേഷന്‍ ജാമ്യം നല്‍കിയത്.
മരടിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടി നൽകിയ പരാതി. കേസില്‍ എറണാകുളം സെഷന്‍സ് കോടതി മുകേഷിന് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ള ഏഴ് പേര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി ഉന്നയിച്ചത്. അതേസമയം മുൻകൂർ ജാമ്യം ലഭിക്കാത്തതിനാൽ നടൻ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിട്ടുണ്ട്. സിദ്ദിഖ് ഒളിവിലാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ.