
ചാക്കോ മാഷിൻ്റെ ഓർമകൾക്ക് 12 വയസ്
മലയാളത്തിന്റെ അഭിനയ സമ്രാട്ട് തിലകൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 12 വർഷം.തന്‍റേടവും നിലപാടും ആയിരുന്നു എന്നും തിലകന്‍റെ മുഖമുദ്ര 2012 സെപ്റ്റംബർ 24നാണ് ഈ അതുല്യനടൻ നമ്മളിൽ നിന്നൊക്കെ വിടപറഞ്ഞത്. ശബ്ദഗഭീര്യം, വികാരതരളിതമായ ഭാവാഭിനയം എന്നിവയിലൂടെ മലയാളികളുടെ മനസ്സിൽ അവിസ്മരണീയമായ സ്ഥാനം നേടിയ തിലകൻ, 1935 ജൂലൈ 15-ന് പത്തനംതിട്ടയിലെ അയിരൂരിൽ ജനിച്ചു. സ്‌കൂൾ നാടകങ്ങളിലൂടെ കലാജീവിതം ആരംഭിച്ച തിലകൻ, 18 ഓളം പ്രൊഫഷണൽ നാടക സംഘങ്ങളിലായി 10,000 ത്തിലധികം വേദികളിൽ അഭിനയിച്ചു.
നാടകങ്ങളിലൂടെ തന്റെ കലാജീവിതം തുടങ്ങിയ തിലകൻ, 1956-ൽ പഠനം ഉപേക്ഷിച്ച് പൂർണ്ണസമയ നാടക നടൻ ആയി. പെരുന്തച്ചനും മൂന്നാം പക്കത്തിലെ മുത്തച്ഛനും സേതുമാധവന്‍റെ അച്ഛനും സ്ഫടിക്കത്തിലെ ചാക്കോ മാഷും മലയാളിയുടെ ഉള്ളിലിരുന്ന് ഇന്നും വിങ്ങുന്നുണ്ട്. എന്നാല്‍ അതിനപ്പുറം വില്ലന്‍ വേഷത്തിലും മറ്റും തിളങ്ങിയിട്ടുണ്ട് തിലകന്‍. നമ്മുക്ക് പാര്‍ക്കന്‍ മുന്തിരിതോപ്പുകള്‍ പോലുള്ള ചിത്രങ്ങള്‍ തന്നെ ഉദാഹരണം. അവസാന കാലത്ത് അഭിനയിച്ച ഇന്ത്യന്‍ റൂപ്പി, ഉസ്താദ് ഹോട്ടല്‍ ചിത്രങ്ങളിലെ വേഷങ്ങളും ഒരിക്കലും വറ്റാത്ത തിലകന്‍ എന്ന പ്രതിഭയെ അടയാളപ്പെടുത്തി.
1979-ൽ “ഉൾക്കടൽ” എന്ന ചിത്രത്തിൽ ചെറിയ വേഷത്തിലൂടെയാണ് സിനിമാ പ്രവേശനം. 1981-ൽ “കോലങ്ങൾ” എന്ന ചിത്രത്തിലെ കള്ളുവർക്കി എന്ന വേഷം അദ്ദേഹത്തെ പ്രധാന വേഷങ്ങളിലേക്ക് ഉയർത്തി. “യവനിക,” “കിരീടം,” “സ്ഫടികം,” “മൂന്നാം പക്കം,” “ഉസ്താദ് ഹോട്ടൽ,” “സന്താനഗോപാലം” തുടങ്ങിയ നിരവധി ചിത്രങ്ങൾ തിലകന്റെ അസാധാരണ കലാവാസനയുടെ ഉദാഹരണങ്ങളാണ്.
2006-ൽ “ഏകാന്തം” എന്ന ചിത്രത്തിലൂടെ തിലകന് ദേശീയ ചലച്ചിത്ര അവാർഡിന്‍റെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. കൂടാതെ, 1988-ൽ “ഋതുഭേദം” എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും 2009-ൽ പത്മശ്രീയും അദ്ദേഹം കരസ്ഥമാക്കി.
വരുന്ന കാലത്തിന്റെ ചൂണ്ടുപലക കൂടിയായിരുന്നു തിലകന്റെ ഓരോ വിരല്‍ച്ചൂണ്ടലുമെന്ന് മലയാളി ഇന്ന് തിരിച്ചറിയുന്നു. മലയാള സിനിമ ലോകം ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കാലത്ത് പവര്‍ ഗ്രൂപ്പ് അടക്കം പല വിവാദമായ കാര്യങ്ങളും തിലകന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുറന്നു പറഞ്ഞ കാര്യങ്ങളായിരുന്നു. അപ്പോഴും തിലകന് മാത്രം അനശ്വരമാക്കാന്‍ കഴിയുന്ന വേഷങ്ങള്‍ ഇപ്പോഴും അതുപോലൊരു ഉടലില്ലാതെ ബാക്കിയാകുന്നു.