ഗുവാഹത്തി: മേഘാലയയില്‍ യുവതി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചു. കുട്ടി മരണപ്പെട്ടു. മേഘാലയയിലെ റി-ബോയ് ജില്ലയിലെ നോങ് പോ ആശുപത്രിയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരമായിരുന്നു സ്ത്രീ പ്രസവിച്ചത്. പ്രസവിച്ച കുഞ്ഞ് പെട്ടെന്ന് തന്നെ മരിക്കുകയും ചെയ്തു. ഉംഡെന്‍ ദിവോണിലെ മൊണാലിസ ലാംഗിയെന്ന യുവതിയുടെ കുട്ടിയാണ് മരണപ്പെട്ടത്.
ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഇവര്‍ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ യുവതിയെ ഉംഡെന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു. പ്രാഥമിക വൈദ്യസഹായത്തിന് ശേഷം യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ക്ലിനിക്കിലുള്ളവര്‍ പറഞ്ഞിരുന്നു. രാവിലെ മുതല്‍ പ്രസവവേദന അനുഭവിക്കുന്ന യുവതിക്ക് വൈകുന്നേരത്തോടെ വേദന കടുത്തിരുന്നു. തുടര്‍ന്ന് വേദന കുറയ്ക്കുന്നതിനായി ആശുപത്രി അധികൃതര്‍ ഗുളിക നല്‍കിയതായി ഭര്‍ത്താവ് റിച്ചാര്‍ഡ് റിംപൈറ്റ് പറഞ്ഞു.
വൈകുന്നേരം ആറ് മണിയോടെ ശുചിമുറിയിലേയ്ക്ക് യുവതി പോവുകയും പെട്ടെന്ന് പ്രസവം നടക്കുകയുമായിരുന്നു. കുട്ടി മരണപ്പെട്ടത് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അശ്രദ്ധ കൊണ്ടാണെന്ന് കുടുംബവും ഹൈന്നിവ്ട്രെപ് ഇന്റഗ്രേറ്റഡ് ടെറിട്ടോറിയല്‍ ഓര്‍ഗനൈസേഷന്റെ (HITO) സിവില്‍ സൊസൈറ്റി അംഗങ്ങളും ആശുപത്രി ഭരണകൂടം അശ്രദ്ധയാണെന്ന് ആരോപിച്ചു. സംഭവത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.