കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നതും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം ശിക്ഷാർഹം എന്ന് സുപ്രീംകോടതി. എന്തെങ്കിലും തരത്തിലുള്ള ഉദ്ദേശത്തോടെയാണെന്ന് വീഡിയോ സൂക്ഷിക്കുന്നതെന്ന് തെളിയിക്കപ്പെടുകയാണെങ്കിൽ പോക്‌സോ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി പ്രസ്താവന. മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്.
നേരത്തെ, കുട്ടികളുടെ അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരവും ഐടി ആക്ട് പ്രകാരവും കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഇത് ക്രിമിനൽ നടപടികൾ റദ്ദാക്കുന്നതിൽ ഹൈക്കോടതിക്ക് “ഗുരുതരമായ പിഴവ് ” സംഭവിച്ചുവെന്ന് നിരീക്ഷിച്ച കോടതി ഹൈക്കോടതി വിധി റദ്ദാക്കി ക്രിമിനൽ പ്രോസിക്യൂഷൻ പുനഃസ്ഥാപിച്ചു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ലഭിച്ചാൽ പൊലീസിനെ അറിയിക്കാതെയിരിക്കുന്നത് കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ചൈൽഡ് പോണോഗ്രാഫി എന്ന പദത്തിന് പകരം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും ചൂഷണം ചെയ്യുന്നതുമായ വസ്തുക്കളായി പരാമർശിക്കാവുന്ന തരത്തിൽ പോക്‌സോ നിയമത്തിൽ ഭേദഗതി വരുത്തുവാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചു. ഇതിനായി ഓർഡിനൻസ് കൊണ്ടുവരുമെന്നും അതേസമയം ഒരു ഉത്തരവിലും ചൈൽഡ് പോണോഗ്രാഫി എന്ന പദം പരാമർശിക്കരുതെന്ന് എല്ലാ കോടതികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബെഞ്ച് അറിയിച്ചു.