എറണാകുളം : മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മകൾ ഹൈക്കോടതിയിൽ. അച്ഛൻ്റെ മൃതദേഹം മെഡിക്കൽ കോളേജിന് നൽകുന്നതിനെതിരെയാണ് മകൾ ആശ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഹർജി പരിഗണിക്കും.
മരണശേഷം മൃതദേഹം മെഡിക്കൽകോളേജിന് കൈമാറണമെന്ന് പിതാവ് എവിടെയും പറഞ്ഞിട്ടില്ലെന്നും അവർ വ്യക്തമാക്കി. പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടും ചതി കൊടും ക്രൂരതയെന്ന് ആശ കുറ്റപ്പെടുത്തി. മൃതദേഹം വൈദ്യപഠനത്തിന് നൽകാൻ തനിക്ക് താൽപര്യമില്ല. അതുകൊണ്ട് തന്നെ ഇതിൽ കോടതി ഇടപെടണമെന്നാണ് മകൾ പറയുന്നത്. വാർത്തയിലൂടെയാണ് അച്ഛൻ്റെ മൃതദേഹം കളമശേരി ആശുപത്രിക്ക് കൈമാറുന്ന വിവരം അറിയുന്നത്. മന്ത്രി രാജീവ് ആദ്യം പറഞ്ഞത് കുടുംബത്തിൻ്റെ ആഗ്രഹം എന്നാണ്. എന്നാൽ ഇപ്പോൾ പറയുന്നത് അച്ഛൻ്റെ ആഗ്രഹമായിരുന്നു എന്നാണ്. എന്തായാലും അച്ഛൻ ഒരിക്കലും ഇത് പറഞ്ഞട്ടില്ല എന്നും മകൾ കൂട്ടിച്ചേർത്തു.
എന്നെ ഒറ്റപ്പെടുത്താൻ വർഷങ്ങളായി കുടുംബത്തിലും പാർട്ടിക്ക് അകത്തും ശ്രമങ്ങൾ നടക്കുന്നുണ്ട്. ചില സത്യങ്ങൾ വിളിച്ച് പറയുന്നത് കൊണ്ടും പല കാര്യങ്ങൾ താൻ എതിർക്കുന്നത് കൊണ്ടാണ്. ഇപ്പോഴും കേരളം നടങ്ങുന്ന സത്യങ്ങൾ അപ്പൻ എന്നോടും എൻ്റെ മകനോടും മാത്രമാണ് പറഞ്ഞിട്ടുള്ളത്. അത് ഒന്നും താൻ പുറത്ത് പറയില്ല എന്നും അവർ പറഞ്ഞു.
അപ്പനെ ഏറ്റെടുക്കാൻ ഞാൻ തയ്യാറായിരുന്നു. അപ്പന് തൻ്റെ കൂടെ വരാൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ അപ്പൻ തന്നോട് പാർട്ടി രഹസ്യങ്ങൾ പറയുമോ എന്നുള്ള പേടി എല്ലാവർക്കും ഉണ്ടായിരുന്നു. അപ്പനെ ഒറ്റയ്ക്ക് ഒന്ന് കാണാൻ പോലും പാർട്ടി സമ്മതിച്ചിരുന്നില്ല. എപ്പോൾ കാണാൻ പോയാലും എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ കൂടെ ഉണ്ടാവും എന്നും അവർ വ്യക്തമാക്കി.