നിയാസ് ഖരീം
സാമ്പത്തിക പ്രതിസന്ധിയിലും മുഖ്യമന്ത്രിയുടെ ആർഎസ്എസ് ബന്ധത്തിലും ആടിയുലയുകയാണ് സർക്കാരും ഇടതുമുന്നണിയും. അജയ്യനായി മുന്നേറിയ പിണറായിക്ക് സർവ്വതും പിഴയ്ക്കുന്ന കാഴ്ചക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
തട്ടിയും മുട്ടിയും കാലാവധി കഴിക്കുക എന്ന ഏക മാർഗം ആണ് സർക്കാരിന് മുന്നിലുള്ളത്. അനിവാര്യമായ പതനത്തിലേക്ക് സർക്കാർ പോകുമ്പോൾ പിണറായിക്ക് മന്ത്രിമാരിൽ പൂർണ പിന്തുണ നൽകുന്നത് മരുമകൻ മന്ത്രി റിയാസ് മാത്രം. എന്നാൽ 2026 ലെ പുതിയ സർക്കാരിന് കാര്യങ്ങൾ എളുപ്പമല്ല എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. അത്രമേൽ കടം കുതിച്ച് കയറിയിരിക്കുന്നു. നാലര ലക്ഷം കോടിയായി ആകെ കടബാധ്യത ഉയർന്നു.
കൂടാതെ കിഫ് ബി വായ്പയുടെ തിരിച്ചടവും അടുത്ത സർക്കാരിൻ്റെ തലയിലാണ്.ധനകാര്യ വിദഗ്ധൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇതിനെ കുറിച്ചെല്ലാം വ്യക്തമായ ധാരണ ഉണ്ട്. 2026 മെയ് മാസം അധികാരത്തിൽ വരുന്ന പുതിയ സർക്കാരിൻ്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ആദ്യ വർഷം തന്നെ തുടങ്ങും.
ഐസക്കും ബാലഗോപാലും പൊതുവിപണിയിൽ നിന്ന് എടുത്ത വായ്പയിൽ 19300 കോടിയും തിരിച്ചടക്കേണ്ടത് 2026- 27 സാമ്പത്തിക വർഷമാണ്. പരമാവധി 38000 കോടിയാണ് ഒരു സാമ്പത്തിക വർഷം കടം എടുക്കാൻ സാധിക്കുന്നത്. കണക്കുകൾ പ്രകാരം ഇതിൻ്റെ പകുതി 19300 കോടി രൂപ 2026- 27 ൽ വായ്പ തിരിച്ചടവിന് വേണം. പൊതു വിപണിയിൽ നിന്നെടുത്ത കടത്തിൻ മേലുള്ള പലിശ കൊടുക്കാൻ 2026- 27 ൽ 16000 കോടി വേണം.
തിരിച്ചടവും പലിശയും ആയി 35300 കോടി രൂപ വേണമെന്ന് വ്യക്തം. 2026- 27 ൽ എടുക്കാൻ സാധിക്കുന്ന 38000 കോടി രൂപയുടെ കടത്തിൽ പലിശയും തിരിച്ചടവും കഴിഞ്ഞാൽ പിന്നെയുള്ളത് 2700 കോടി ( 38000- 35300 ) മാത്രം. ഐസക്കും ബാലഗോപാലും അടുത്ത സർക്കാരിന് കൊടുത്തത് എട്ടിൻ്റെ പണിയെന്ന് വ്യക്തം.
സതീശനും സംഘത്തിനും ഭരണം മുന്നോട്ട് കൊണ്ട് പോകാൻ പുതിയ ധനാഗമ മാർഗങ്ങൾ തേടേണ്ടി വരും. ഈ സാമ്പത്തിക വർഷം 2024- 25 ൽ 2500 കോടിയും 2025- 26 ൽ 2300 കോടിയും ആണ് പൊതുവിപണിയിൽ നിന്നെടുത്ത വായ്പയിൽ തിരിച്ചടക്കേണ്ടത്.