തൃശൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ. തൃശൂരിൽ മത്സരിക്കാൻ ചെന്നതാണ് ഞാൻ ചെയ്ത തെറ്റെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി മാറാൻ തയ്യാറാണ് എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു. യുഡിഎഫിൻ്റെ പരാജയത്തിന് പല കാരണങ്ങളുമുണ്ട്. അതിൽ ഒന്നാണ് തൃശൂർ പൂരമെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂരിലെ തോൽവിക്ക് മുഖ്യകാരണം പൂരം അല്ലെന്ന കെപിസിസി ഉപസമിതിയുടെ റിപ്പോർട്ട് മുരളീധരൻ തള്ളി. കെപിസിസി ഉപസമിതിയുടെ റിപ്പോർട്ടിന് പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തെറ്റുപറ്റി എന്ന ബോധ്യപ്പെട്ട സാഹചര്യത്തിൽ റിപ്പോർട്ട് കാണണമെന്നില്ല. ഇത്തരം റിപ്പോർട്ടുകളിൽ അടുത്തുനിന്നും നടപടിയെടുത്തു കണ്ടിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. പൂരം കലക്കിയതുകൊണ്ട് മെച്ചം കിട്ടിയത് ബിജെപിക്കാണെന്ന് അദ്ദേഹം പറയുന്നു.
തോൽവിയിൽ ആരെക്കുറിച്ചും പരാതി പറഞ്ഞിട്ടില്ലെന്നും അതിൽ എന്താണ് റിപ്പോർട്ട് എന്ന് അന്വേഷിക്കേണ്ടതില്ലെന്നും കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസിൻ്റെ സംഘടന ദൗർബല്യം കൊണ്ട് പാർട്ടി പരാജയപ്പെട്ടെങ്കിൽ അതിൻ്റെ മെച്ചം കിട്ടേണ്ടത് എൽഡിഎഫിന് ആയിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
തൃശൂരിലേക്ക് താൻ ആഗ്രഹിച്ചു നടത്തിയ മാറ്റമല്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കി. പാർട്ടി ആവശ്യപ്പെട്ടപ്പോൾ മാറി. സിറ്റിംഗ് എന്ന നിലയിൽ മികച്ച പ്രകടനം വടകരയിൽ കാഴ്ച്ചവച്ചിരുന്നുവെന്ന് മുരളീധരൻ പറഞ്ഞു. ടി എൻ പ്രതാപൻ മത്സരത്തിൽ ഇല്ലെന്ന് നേരത്തെ പ്രഖ്യാപിച്ചത് തോൽവിക്ക് കാരണമായെന്നാണ് കെപിസിസി ഉപസമിതി റിപ്പോർട്ട്. പ്രതാപൻ്റെ പിന്മാറ്റം സുരേഷ് ഗോപി പ്രയോജനപ്പെടുത്തിയതാണ് പരാജയ കാരണങ്ങളിൽ മുഖ്യമെന്നും റിപ്പോർട്ട് പറയുന്നു.