‘പൂരംകലക്കി’യതിൽ തട്ടിക്കൂട്ടിയ റിപ്പോർട്ടെന്ന് വിഡി സതീശൻ

സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

VD Satheeshan

കൊച്ചി: പൂരം കലക്കിയ സംഭവത്തിൽ സര്‍ക്കാരിന് ഗൂഢോലോചന ഒളിപ്പിച്ചു വയ്ക്കാനുള്ള തത്രപ്പാടെന്ന് വിഡി സതീശൻ. പൂരം കലക്കിയെന്ന ആരോപണം നേരിടുന്ന എഡിജിപി തട്ടിക്കൂട്ടി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പ്രഹസനമാണെന്നും അദ്ദേഹം വിമർശിച്ചു. സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണത്തിന് തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ഇന്ന് പറവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ പറയാന്‍ പാര്‍ട്ടി അംഗമല്ലാത്ത ഒരു എംഎല്‍എയ്ക്ക് കൊട്ടേഷന്‍ നല്‍കിയത് സിപിഎം നേതാക്കള്‍ തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ ശ്രമിച്ചത് തനിക്കെതിരെ പാര്‍ട്ടിയില്‍ നടക്കുന്ന നീക്കത്തിന് തടയിടാനാണെന്നും സതീശൻ പറഞ്ഞു.

പൂരം കലക്കിയെന്ന ആരോപണം നേരിടുന്ന എഡിജിപിയാണ് തന്നെ അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന് എന്ത് പ്രസക്തി ആണ് ഉള്ളതെന്നും സതീശൻ ആരാഞ്ഞു. അന്വേഷണമെ നടക്കുന്നില്ലെന്ന് വിവരാവകാശ നിയമപ്രകാരം പൊലീസ് ആസ്ഥാനത്തു നിന്നും വെള്ളിയാഴ്ച മറുപടി ലഭിച്ചതിനു പിന്നാലെയാണ് ഒരാഴ്ചത്തെ സാവകാശം കൂടി നല്‍കിയിട്ടുണ്ടെന്ന് ശനിയാഴ്ച മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ആരോപണ വിധേയന്‍ തന്നെ അന്വേഷിച്ചുവെന്നതാണ് റിപ്പോര്‍ട്ട് പ്രഹസനമാണെന്നതിന്റെ ഏറ്റവും വലിയ തെളിവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാരിന് പൂരം കലക്കിയതിന്റെ ഗൂഢാലോചന ഒളിപ്പിച്ചു വയ്ക്കുന്നതിന്റെ തത്രപ്പാടാണ് ഇപ്പോള്‍ കാണുന്നത്. ബിജെപിയെ തൃശൂരില്‍ ജയിപ്പിക്കുന്നതിന് വേണ്ടി പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ആ ഗൂഢാലോചനയില്‍ പങ്കാളിയായ ആളാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തില്‍ പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഭരണകക്ഷി എംഎല്‍എയ്ക്ക് മുഖ്യമന്ത്രിയോട് ഒരു കാര്യം പറയാന്‍ എത്ര പത്രസമ്മേളനം നടത്തണമെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. പത്തോ ഇരുപതോ പത്രസമ്മേളനങ്ങളാണ് അൻവർ ആരോപണം ഉന്നയിക്കാൻ നടത്തിയതെന്നും മുഖ്യമന്ത്രിയും പത്രസമ്മേളനം നടത്തിയാണ് അദ്ദേഹത്തിന് മറുപടി നല്‍കിയതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

കള്ളക്കടത്തു വിഹിതം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് കിട്ടിയെന്ന ആരോപണം ഉന്നയിക്കുന്നത് സിപിഎം പിന്തുണയോടെ വിജയിച്ച എംഎല്‍എയാണ്. ഭരണകക്ഷിയിൽ തന്നെ തനിക്കെതിരെ നടക്കുന്ന നീക്കത്തിന് എതിരേയായിരുന്നു മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനം നടന്നെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പണ്ടും സിപിഎമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അതൊക്കെ പ്രത്യയശാസ്ത്രപരമായ ഭിന്നതകളാണെന്നാണ് മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്. എന്നാൽ സിപിഎമ്മില്‍ ഒരു കാലത്തും പ്രത്യയശാസ്ത്രപരമായ ഭിന്നതകള്‍ ഉണ്ടായിട്ടില്ല. ഉണ്ടായതൊക്കെ ഇതുപോലുള്ള തര്‍ക്കങ്ങളാണ്. ഇപ്പോള്‍ നടക്കുന്ന ഭിന്നത ഒരു പാര്‍ട്ടി എത്രത്തോളം ജീര്‍ണതയിലേക്ക് പോകുന്നു എന്നതിന്റെ അവസാനത്തെ ഉദാഹരണമാണെന്നും സതീശൻ പറഞ്ഞു.

ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത അപകടകരമായ രീതിയിലേക്കാണ് സി.പി.എം പോകുന്നത്. ബിജെപിയുമായുള്ള ബാന്ധവം ഒന്നൊന്നായി പുറത്തു വരികയാണ്.

മുഖ്യമന്ത്രിയുടെ ഡിജിപിയും അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചനയിലാണ് പൂരം കലക്കിയതെന്നും സതീശൻ ആരോപിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തുണ്ടായിരുന്നെന്ന വിവരം പിന്നീടാണ് പുറത്തു വന്നത്. കമ്മിഷണര്‍ കുഴപ്പമുണ്ടാക്കിയാല്‍ എ.ഡി.ജി.പിയും അതിന് മുകളിലുള്ള മുഖ്യമന്ത്രിയും നോക്കി ഇരിക്കുമോ എന്നും സതീശൻ ചോദിച്ചു.

എന്തിനാണ് എഡിജിപി അനൗദ്യോഗികമായി തൃശൂരില്‍ തങ്ങിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അഞ്ച് മാസമായിട്ടും റിപ്പോര്‍ട്ട് ലഭിക്കാതിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇക്കാര്യം അന്വേഷിച്ചില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. വിവാദമായപ്പോൾ ഒരു ദിവസം കൊണ്ട് റിപ്പോർട്ട് തട്ടിക്കൂട്ടി കൊണ്ടുവന്നതാണെന്നും സതീശൻ പറഞ്ഞു.

സിപിഐയും ഘടകകക്ഷികളും പറഞ്ഞിട്ടും ആരോപണ വിധേയരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും സതീശൻ പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ യുഡിഎഫ് നിയമപരമായ മാര്‍ഗങ്ങള്‍ തേടുമെന്നും സതീശൻ വ്യക്തമാക്കി.

പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ 24-ന് സമരം നടക്കും. 28-ന് തേക്കന്‍കാട് മൈതാനത്ത് പ്രതിഷേധം സമ്മേളനം സംഘടിപ്പിക്കും. മുന്നണി യോഗം ചേര്‍ന്ന് യു.ഡി.എഫ് സമര പരിപാടികൾ പ്രഖ്യാപിക്കുമെന്നും സതീശൻ പറഞ്ഞു.

കെ.പി.സി.സിയുടെ സമരം അധ്യക്ഷന്‍ പ്രഖ്യപിക്കും.
ആര്‍.എസ്.എസ് നേതാക്കളുമായി ആര്‍.എസ്.എസ് നേതാവുമായി ഒരു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോഴും അതിന് എന്താ കുഴപ്പമെന്നാണ് സി.പി.എം നേതാക്കള്‍ ചോദിച്ചത്. പിണറായി ആഭ്യന്തരമന്ത്രിയായി ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥനായ എ.ഡി.ജി.പി പ്രതിപക്ഷ നേതാവിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെങ്കില്‍ പിണറായി വിജയന് ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ല. കൈരളി പറയുന്നത് പോലെ ഒന്നിനും കൊള്ളാത്ത ആളാണ് പിണറായി വിജയനെന്ന് ഞാന്‍ പറയില്ല. അന്‍വര്‍ പറഞ്ഞതിന്റെ പകുതി കാര്യങ്ങള്‍ അന്വേഷിക്കും. പകുതി അന്വേഷിക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സിപിഎം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒതുക്കിത്തീര്‍ക്കുന്നതിന് വേണ്ടി ബിജെപിയുമായി അവിഹതിമായ ബാന്ധവം ഉണ്ടാക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കോണ്‍ഗ്രസ് പാരമ്പര്യമുള്ള ഒരു മന്ത്രി ഇപ്പോഴും മന്ത്രിസഭയിലുണ്ടെന്നും. ലീഗ് പാരമ്പര്യമുള്ള ജലീലും നേരത്തെ മന്ത്രിയായിരുന്നുവെന്നും സതീശൻ പറഞ്ഞു. അവര്‍ക്കും കോണ്‍ഗ്രസിന്റെ സ്വഭാവമാണോ എന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കില്‍ എന്തിനാണ് തോളില്‍ വച്ചുകൊണ്ട് നടക്കുന്നതെന്ന് സതീശൻ പിണറായിയുടെ നിലപാടിനെ പരിഹസിച്ചു.

മുഖ്യമന്ത്രിക്കെതിരെയാണ് ഭരണകക്ഷി എംഎല്‍എ നിരന്തരം പത്രസമ്മേളനം നടത്തിയത്. ഇതാണോ മുഖ്യമന്ത്രയുടെ ഇരട്ടച്ചങ്ക് എന്നു പറയുന്നത്. ഭയമുള്ളതു കൊണ്ടായിരിക്കാം നടപടി എടുക്കാത്തത്. സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ എംഎല്‍എയ്‌ക്കെതിരെ മുഖ്യമന്ത്രി ഉന്നയിച്ചിട്ടും അയാള്‍ അവിടെ തുടരുന്നുവെന്നാല്‍ അയാളെ ഭയപ്പെടുന്നു എന്നല്ലാതെ എന്താണ് അർത്ഥമെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments