CinemaNationalNews

അര്‍ദ്ധരാത്രി 12 മുതല്‍ ഷോ, ടിക്കറ്റ് നിരക്ക് കുതിച്ചുയരും; തിയറ്ററുകളിൽ തീ പാറിക്കാൻ ദേവര

തെലുങ്ക് സിനിമ ആസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയാണ് ദേവര. ജൂനിയർ എൻടിആർ നായികനായി എത്തുന്ന മാസ് അക്ഷൻ ത്രില്ലർ എന്നത് തന്നെയാണ് അതിന് കാരണം. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 27 മുതല്‍ തിയറ്ററുകളില്‍ എത്തും. ഈ അവസരത്തില്‍ ദേവരയുടെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തു വരുന്നത്.

സിനിമയുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ അനുമതി നല്‍കിയെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഒപ്പം സ്പെഷ്യല്‍ ഷോകളും ദേവരയുടേതായി ഉണ്ടാകും. റിലീസ് ദിവസം അർദ്ധരാത്രി 12 മണി മുതല്‍ ചിത്രത്തിൻ്റെ ഷോ ആരംഭിക്കും. ദിവസേന ആറ് ഷോകള്‍ വരെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്,ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ടാകും. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ദേവരയ്ക്കായി ജാൻവി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം, ചിത്രത്തിൻ്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖർ സല്‍മാൻ്റെ വേഫറർ ഫിലിംസ് ആണ്.

യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *