ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ദിവസം വെളിച്ചക്കുറവിനെ തുടർന്ന് മത്സരം നേരത്തെ അവസാനിപ്പിക്കാനായി അമ്പയർ സംഘം തീരുമാനിച്ചു. എന്നാൽ സ്പിന്നർമാരെ ബൗളിംഗ് ഏൽപ്പിച്ചാൽ മത്സരം തുടരാൻ കഴിയുമോയെന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ചോദ്യം.
താൻ സ്പിന്നെറിയാൻ തയ്യാറാണെന്ന് അറിയിച്ച് പേസ് ബൗളർ മുഹമ്മദ് സിറാജ് രംഗത്തെത്തി. ഇക്കാര്യം അമ്പയർമാർ രോഹിത് ശർമയെ അറിയിച്ചു. സിറാജിന് സ്പിന്നെറിയാൻ അറിയില്ലെന്നും വെറുതെ പറഞ്ഞതാണെന്നുമായിരുന്നു അമ്പയർ സംഘത്തോട് രോഹിത് ശർമയുടെ മറുപടി. താരങ്ങൾക്കിടയിൽ സംഭവം ചിരിപടർത്താനും ഇടയാക്കി. പിന്നാലെ ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിൻ്റെ മൂന്നാം ദിവസത്തെ മത്സരം വെളിച്ചക്കുറവിനെ തുടർന്ന് നേരത്തെ അവസാനിച്ചു.
റിഷഭ് പന്തിൻ്റെയും ശുഭ്മൻ ഗില്ലിൻ്റെയും സെഞ്ച്വറി മികവിൽ ഇന്ത്യ നാലിന് 287 റൺസെന്ന സ്കോർ നേടി രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 176 പന്തിൽ 10 ഫോറും നാല് സിക്സും സഹിതം 119 റൺസുമായി ഗിൽ പുറത്താകാതെ നിന്നു. 128 പന്തിൽ 13 ഫോറും നാല് സിക്സും ഉള്‍പ്പെടെ 109 റൺസെടുത്ത് റിഷഭ് പന്ത് പുറത്തായി. 515 റൺസിൻ്റെ വിജയലക്ഷ്യമാണ് ഇന്ത്യ ബംഗ്ലാദേശിന് മുന്നിൽ വെച്ചിരിക്കുന്നത്.