പൂരംകലക്കിയ സംഭവത്തിൽ പ്രതീക്ഷിച്ച പോലെ കമ്മീഷണറെ ബലിയാടാക്കിയെന്ന് രമേശ് ചെന്നിത്തല

പൂരം കലക്കലും കരുവന്നൂര്‍ ബാങ്ക് അന്വേഷണവുമായുള്ള ബന്ധവും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Ramesh Chennithala

തൃശ്ശൂര്‍പൂരം അലങ്കോലപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പ്രതീക്ഷിച്ച പോലെതന്നെ കമ്മീഷണറെ ബലിയാടാക്കിയെന്ന് രമേശ് ചെന്നിത്തല. ഇന്നലെ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്മേൽ പ്രതികരിക്കവെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. പ്രതീക്ഷിച്ച പോലെ തന്നെ കമ്മീഷണറെ ബലിയാടാക്കി കൈകഴുകിയെന്നും ഇതിനപ്പുറം ഒരു റിപ്പോര്‍ട്ട് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും രമേഷ് ചെന്നിത്തല വിമർശിച്ചു. ആരോപണത്തിന് വിധേയനായ ആള്‍ തന്നെ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന പരിഹാസ്യമായ കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

താനുള്ളപ്പോള്‍ പൂരം കലക്കാന്‍ പുറത്തുനിന്ന് ഒരാളുടെ ആവശ്യമില്ലെന്നാണോ എഡിജിപി റിപ്പോർട്ടിൽ ഉദേശിച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കിയ ഒരാളെയും ഞങ്ങള്‍ വെറുതെ വിടില്ല. കേരളത്തിന്റെയും തൃശ്ശൂരിന്റെയും വികാരമാണ് തൃശൂര്‍ പൂരമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.

അതേസമയം കരുവന്നൂര്‍ ബാങ്ക് അഴിമതി അന്വേഷണം അവസാനിപ്പിക്കുന്നതിനായി നല്‍കിയ ഡീല്‍ ആണ് തൃശ്ശൂരിലെ ബിജെപി വിജയമെന്നും ചെന്നിത്തല ആരോപിച്ചു. അതിനായി പൂരം കലക്കല്‍ അടക്കമുള്ള കുല്‍സിത പ്രവര്‍ത്തികളാണ് മുഖ്യമന്ത്രിയും സിപിഎമ്മും ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് അന്വേഷണവും പ്രമുഖ നേതാക്കളുടെ ചോദ്യം ചെയ്യലും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന ബഹളവും എല്ലാം അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂരം കലക്കലും കരുവന്നൂര്‍ ബാങ്ക് അന്വേഷണവുമായുള്ള ബന്ധവും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments