
രാജാവും മകനും ഒന്നിച്ചെത്തുന്നു; പ്രണവിന്റെ പുതിയ തെലുങ്ക് പടത്തിന്റ വിവരങ്ങൾ പുറത്ത്
മലയാള സിനിമയുടെ നടനവിസ്മയം മോഹൻലാലും , മകൻ പ്രണവും ഒരു സിനിമയിൽ ഒന്നിക്കുന്നു. തെലുങ്കിൽ പ്രണവ് ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിലാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ എത്തുന്നത്. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട താരം സമ്മതം അറിയിച്ചതായാണ് വിവരം. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്.
ഇതിനു മുൻപ്, കൊരട്ടല ശിവയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ജനതാ ഗ്യാരേജ് എന്ന തെലുങ്ക് സിനിമയിൽ മോഹൻലാൽ ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.
മോഹൻലാലിന്റെ ‘ഒന്നാമൻ’ എന്ന ചിത്രത്തിലെ ബാലതാര വേഷത്തിലൂടെയായിരുന്നു പ്രണവ് അഭിനയരംഗത്തേക്ക് എത്തുന്നത്. അതിന് ശേഷം സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, ആദി, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലൂടെയും ഇരുവരും ഒരുമിച്ച് സ്‌ക്രീനിൽ എത്തിയിട്ടുണ്ട്.
പ്രണവ് മലയാളത്തിൽ അവസാനമായി അഭിനയിച്ച ചിത്രം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ ആയിരുന്നു. ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർഗീസ്, നിവിൻ പോളി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ 80 കോടി രൂപ കളക്ഷൻ നേടി വലിയ വിജയമായി മാറി.
അതിനിടെ, കൊരട്ടല ശിവ തന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രം ദേവര ജൂനിയർ എൻടിആറെ നായകനാക്കി സംവിധാനം ചെയ്യുകയാണ്. ജാൻവി കപൂർ ചിത്രത്തിൽ നായികയാകുന്നു. സെപ്റ്റംബർ 27-ന് ദേവര തീയേറ്ററുകളിൽ റിലീസ് ചെയ്യും.