തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അഭിമാനം പണയം വച്ച് സിപിഐ എന്തിന് എൽഡിഎഫിൽ ശ്വാസം മുട്ടി തുടരണം എന്നും അദ്ദേഹം ചോദിച്ചു. തിരുത്താൻ തയാറെങ്കിൽ സിപിഐയെ യുഡിഎഫിൽ എടുക്കുന്ന കാര്യം ചർച്ച ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രി അൻവറിനെ പേടിച്ചാണ് നടപടി എടുക്കാൻ മടിക്കുന്നത് എന്നും സുധാകരൻ പറഞ്ഞു. അൻവർ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നുവെന്നും പുറത്താക്കിയാൽ കൂടുതൽ വഴിവിട്ട് പ്രവർത്തനങ്ങൾ പുറത്ത് വരുമെന്ന് പിണറായിക്ക് പേടിയാണെന്നും അദ്ദേഹം പരിഹസിച്ചു. താനായിരുന്നുവെങ്കിൽ ഇതിനകം അൻവർ പുറത്ത് ആയേനെ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണെന്നും കെപിസിസി പ്രസിഡന്റ് വിമർശിച്ചു. പലയിടത്തും പല നിലപാടാണ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പി വി അൻവറിനെ ഏറ്റെടുക്കാനില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ നേതാവിനെ ഒരിക്കലും വേണ്ടെന്ന് എം എം ഹസൻ വ്യക്തമാക്കി. അൻവറിനെ സ്വീകരിക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമെന്ന് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.