ഒട്ടിക്കാം പക്ഷേ, അകം കാണണം, അനുപാതം പാലിച്ചില്ലെങ്കിൽ കൂളിങ് സ്റ്റിക്കറിൽ പിടിവീഴും

പ്ലാസ്റ്റിക് ഫിലിം പിടിപ്പിച്ച് ബി.എസ്.എസ്. നിലവാരത്തോടെ പുറത്തിറക്കുന്ന ചില്ലുകളാണ് അനുവദനീയ ഗണത്തില്‍പ്പെടുന്നതെന്നും ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി.

MVD

വാഹനങ്ങളുടെ ചില്ലുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന ഹൈക്കോടതിവിധി നടപ്പാക്കുന്നതിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ പ്രത്യേക ഉത്തരവിൻ്റെ ആവശ്യമില്ലെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ഇവയുടെ ഗുണനിലവാരവും മാനദണ്ഡവും പരിശോധിക്കുന്നതിനുള്ള ഉപകരണം വാങ്ങും. അടിയന്തരമായി നൂറെണ്ണം വാങ്ങി ആര്‍.ടി.ഒ. ഓഫീസുകളിലേക്കെത്തിക്കുമെന്നും നാഗരാജു പറഞ്ഞു.

വാഹനത്തിൻ്റെ മുന്‍പിലും, പിന്നിലും ചില്ലുകളില്‍ 70 ശതമാനം, വശങ്ങളില്‍ 50 ശതമാനം എന്നിങ്ങനെ പ്രകാശം കടന്നുപോകുന്ന തരത്തില്‍ കൂളിങ് ഫിലിം ഒട്ടിക്കാമെന്നാണ് ഹൈക്കോടതി വിധി. വാഹനത്തിൻ്റെ ഉള്‍വശം കാണാത്തതരത്തില്‍ ഫിലിം ഒട്ടിച്ചാല്‍ ഇനിയും പിടി വീഴും. അനുവദനീയമായ കൂളിങ് ഫിലിമുകള്‍ ബി.എസ്.ഐ, ഐ.എസ്.ഐ. മുദ്രകളോടെയാണ് വരുന്നത്. ക്യു.ആര്‍. കോഡുകളും നല്‍കുന്നുണ്ട്. ഇത് സ്‌കാന്‍ ചെയ്താല്‍ ട്രാന്‍സ്പാരന്‍സി ശതമാനവും ഗുണനിലവാര വിവരങ്ങളും മനസ്സിലാക്കാം.

മോട്ടോര്‍ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ പാലിച്ച് കൂളിങ് ഫിലിം (സണ്‍ ഫിലിം) പതിപ്പിക്കുന്നത് അനുവദനീയമാണെന്ന് കഴിഞ്ഞ ദിവസമാണ് കേരളാ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിൻ്റെ പേരില്‍ വാഹനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതര്‍ക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് എന്‍.നഗരേഷ് വ്യക്തമാക്കിയിരുന്നു. മോട്ടോര്‍ വാഹനങ്ങളില്‍ ‘സേഫ്റ്റി ഗ്ലേസിങ്’ ചില്ലുകള്‍ ഘടിപ്പിക്കുന്നതിന് നിയമതടസ്സമില്ലെന്ന് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പിടിപ്പിച്ച് ബി.എസ്.എസ്. നിലവാരത്തോടെ പുറത്തിറക്കുന്ന ചില്ലുകളാണ് അനുവദനീയ ഗണത്തില്‍പ്പെടുന്നതെന്നും ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി. വാഹന ഉടമയ്ക്കെതിരേ ഉള്‍പ്പെടെ മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയ നോട്ടീസും മറ്റും റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. സേഫ്റ്റി ഗ്ലാസിൻ്റെ ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചതിനെ സേഫ്റ്റി ഗ്ലേസിങ്ങിൻ്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്ന സുതാര്യത പാലിക്കുന്ന സേഫ്റ്റി ഗ്ലേസിങ് ഉപയോഗിക്കുന്നത് നിയമപരമാണെന്നും ഉത്തരവില്‍ പറയുന്നു. മുന്നിലേയും പിന്നിലേയും ഗ്ലാസുകളില്‍ 70 ശതമാനത്തില്‍ കുറയാത്ത സുതാര്യമായ ഫിലിം പതിപ്പിക്കാമെന്നും വശങ്ങളിലെ സുതാര്യത 50 ശതമാനത്തില്‍ കുറയരുതെന്നുമാണ് നിയമം അനുശാസിക്കുന്നത്. സേഫ്റ്റി ഗ്ലേസിങ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിര്‍മാതാക്കള്‍ക്ക് മാത്രമല്ല, വാഹന ഉടമകള്‍ക്കും അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments