ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) അദ്ധ്യക്ഷയായ പി ടി ഉഷയുടെ നിയമനത്തെ ചോദ്യം ചെയ്ത എക്സിക്യൂട്ടീവ് അംഗങ്ങൾ രംഗത്ത്. ഇത് സംബന്ധിച്ച് ഐഒഎ ഉപാദ്ധ്യക്ഷ രാജലക്ഷ്മി സിംഗ് ദിയോ കത്ത് നൽകി. ഇതോടെ അധ്യക്ഷയും എക്സിക്യൂട്ടീവ് അംഗങ്ങളും തമ്മിലുള്ള തർക്കം മറനീക്കി പുറത്തായി. ഐഒഎ ഭരണഘടനയും സ്പോര്‍ട്സ് കോഡും ലംഘിച്ച് സ്ഥാനങ്ങള്‍ വഹിക്കുന്നുവെന്ന പേരിലാണ് പിടി ഉഷയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും തര്‍ക്കമുണ്ടായിരിക്കുന്നത്.
സ്പോര്‍ട്സ് കോഡ് ലംഘിച്ച് ഐഒഎയില്‍ നിയമനം നടത്തുന്നുവെന്ന പരാതിയില്‍ സെപ്റ്റംബര്‍ പത്തിന് അഞ്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്ക് ഉഷ നോട്ടീസ് അയച്ചതാണ് തർക്കം രൂക്ഷമായതിനെ തുടക്കം. ആരോപണങ്ങള്‍ക്ക് മറുപടിയായി, വൈസ് പ്രസിഡന്റും എക്‌സിക്യൂട്ടീവ് അംഗവുമായ രാജ്ലക്ഷ്മി സിംഗ് ദിയോ മറുപടി നല്‍കിയതിന് പിന്നാലെയാണ് തര്‍ക്കം പുറത്തറിഞ്ഞത്. രാജ്‌ലക്ഷ്മി സിംഗ് ദിയോ അടക്കമുള്ള മറ്റ് അംഗങ്ങൾ ഉഷയുടെ അദ്ധ്യക്ഷ പദവി നിയമനം ചോദ്യം ചെയ്ത് കത്ത് നൽകി.
ഉഷയെ അദ്ധ്യക്ഷയായി തെരഞ്ഞെടുത്തത് ഐഒഎയുടെ ജനറല്‍ബോഡിയില്‍ ചര്‍ച്ച ചെയ്തിട്ടല്ലെന്നും അതിനാൽ തന്നെ ഉഷയുടെ പ്രസിഡന്റ് പദവി തന്നെ സംശയത്തിൻ നിഴലിലാണ് എന്നുമാണ് അംഗങ്ങൾ ചൂണ്ടിക്കാട്ടിയത്. വ്യാഴാഴ്ച രാജലക്ഷ്മി നല്‍കിയ കത്തിലാണ് ഉഷയുടെ പദവിയെ ചൊല്ലി ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ദേശീയ കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്കും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലെ എന്‍ഒസി റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജെറോം പോയിവിക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
ഐഒഎ അദ്ധ്യക്ഷയായി ഉഷയെ തിരഞ്ഞെടുത്തത് നിയമവിരുദ്ധമായാണെന്ന് പറഞ്ഞ രാജലക്ഷ്മി ഐഒഎയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സ്പോര്‍ട്സ് പേഴ്സണ്‍ ഓഫ് ഔട്ട്സ്റ്റാന്‍ഡിംഗ് മെറിറ്റിനെ (എസ്ഒഎം) നാമനിര്‍ദ്ദേശം ചെയ്യുന്നതിനും തിരഞ്ഞെടുക്കുന്നതിനുമുള്ള നടപടിക്രമങ്ങളും കത്തിൽ സൂചിപ്പിച്ചു. ഇത് സംബന്ധിച്ച് ഐഒഎ ഭരണഘടനയിലെ വിവിധ വകുപ്പുകളും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.