തിരുവനന്തപുരം: തൃശൂർപൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടാണ് അഞ്ച് മാസത്തിന് ശേഷം സമർപ്പിച്ചത്. വിവരാവകാശ രേഖകൾ പ്രകാരം സംഭവത്തിൽ അന്വേഷണമേ ഇല്ലെന്ന് ആഭ്യന്തരം മറുപടി നൽകിയിരുന്നു. പിന്നാലെ സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ ഉൾപ്പെടെ മുഖ്യമന്ത്രിക്ക് എതിരെ രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് പൂഴ്ത്തി വെച്ചിരുന്ന റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചത്.
600 പേജുള്ള അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്കാണ് അയച്ചത്. മെസെഞ്ചർ മുഖേന അയച്ച റിപ്പോർട്ട് ഡിജിപി സ്ഥലത്ത് ഇല്ലാത്തതിനാൽ നാളെ മാത്രമേ പരിശോധിക്കൂ. മുദ്ര വെച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു മുഖ്യമന്ത്രി ആദ്യം നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ഏറെനാൾ പൂഴ്ത്തി വെച്ച റിപ്പോർട്ട് വിവാദങ്ങൾക്കൊടുവിലാണ് സമർപ്പിച്ചിരിക്കുന്നത്.