ന്യു ഡൽഹി: ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ജോലിയിലിരിക്കെ മരിച്ച അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. സ്വീകരിച്ച നടപടിയെ കുറിച്ചും റിപ്പോർട്ട് നൽകണമെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. പൂനയിൽ ‘ഇവൈ’ കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യവെയാണ് അന്ന മരണമടഞ്ഞത്.
അമിതമായ ജോലിഭാരമാണ് അന്നയുടെ മരണകാരണമെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ജോലിഭാരം മൂലം മരണമടഞ്ഞെന്ന വാർത്തയിൽ കമ്മിഷൻ ആശങ്ക പ്രകടിപ്പിച്ചു. മാനസിക പിരിമുറുക്കം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയുൾപ്പെടെ തൊഴിലിടത്ത് യുവ പ്രൊഫഷണലുകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് അന്നയുടെ മരണം ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ജീവനക്കാർക്ക് മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നും കമ്മിഷൻ വ്യക്തമാക്കി.
അമിതജോലിഭാരം മകളുടെ ജീവൻ കവർന്നതായി അന്നയുടെ അമ്മ അനിതാ അഗസ്റ്റിൻ, ഇ.വൈ.യുടെ ഇന്ത്യയിലെ ചെയർമാൻ രാജീവ് മേമാനിക്ക് അയച്ച കത്ത് വലിയ ചര്‍ച്ചയായിരുന്നു. അവധി ദിനങ്ങളില്ലാത്തതും കൂടുതൽ ജോലി സമയവും സമ്മർദവും കമ്പനിക്ക് എതിരെ ഉയർന്ന പ്രധാന ആരോപണങ്ങളാണ്.