മുഖ്യമന്ത്രിക്ക് രക്ഷപെടാനാണ് ആരോപണ വിധേയരെ സംരക്ഷിക്കുന്നത്; കെ സുധാകരൻ

മുഖ്യമന്ത്രി മാധ്യമങ്ങളെ ഭീഷണിപ്പെടുത്താൻ നോക്കുന്നെന്നും അദ്ദേഹം പറഞ്ഞു

Pinarayi and K Sudhakaran

മുഖ്യമന്ത്രിക്ക് രക്ഷപെടാൻ വേണ്ടിയാണ് അൻവറിനെ തള്ളി ആരോപണവിധേയരായ പി ശശിയെയും എഡിജിപിയെയും സംരക്ഷിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അന്‍വറിന്റെ ആരോപണങ്ങള്‍ തനിക്കെതിരെയാണെന്ന വ്യക്തമായ ബോധ്യം മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് മുഖ്യമന്ത്രി ആരോപണവിധേയരെ കൈവിടാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്തിന് എന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല. അന്വേഷണം കഴിയട്ടെ, എന്നിട്ട് നോക്കാമെന്ന് പറയുന്നത് തന്നെ ആ അന്വേഷണം ശരിയായ ദിശയില്‍ നടക്കില്ലെന്നതിന് തെളിവാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണം വിവാദമായപ്പോള്‍ തട്ടിക്കൂട്ടി റിപ്പോര്‍ട്ട് 24നകം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയാണ്. പൂരം കലക്കിയതില്‍ എഡിജിയുടെ പങ്ക് അന്വേഷിക്കുന്നതിന് പകരം അദ്ദേഹത്തിന് അന്വേഷണ ചുമതല കൈമാറുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

നിലവിലെ സാഹചര്യത്തിൽ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമെ പൂരം കലക്കിയതിന് പിന്നിലെ ശക്തിയാരാണെന്ന് വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച ഭരണകക്ഷി എംഎല്‍എക്കെതിരെ കേസെടുക്കാന്‍ എന്തുകൊണ്ട് മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും സുധാകരന്‍ ചോദിച്ചു.

സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നിയന്ത്രണത്തിലുള്ള ദേശാഭിമാനിയും കൈരളിയുമാണ് നട്ടാല്‍കുരുക്കാത്ത നുണകള്‍ ഏറ്റവും പ്രചരിപ്പിച്ചിട്ടുള്ളതെന്നും സുധാകരൻ സൂചിപ്പിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments