തിരുവനന്തപുരം: ഭരണപക്ഷ എംഎൽഎ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ അവജ്ഞയോടെ തള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ മുഖ്യമന്ത്രിയുടെ ഓഫീസിലെ വഴിവിട്ട പ്രവർത്തനങ്ങളെ കുറിച്ച് തുടർച്ചയായി ആരോപണം ഉന്നയിച്ചിരുന്നു. അൻവറിനെ നേരിൽ കണ്ട് പരാതി സ്വീകരിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല. അൻവർ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പി ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. അൻവർ കൊടുക്കുന്ന പരാതികൾ അതേപോലെ പരിശോധിക്കാനല്ല ശശി അവിടെ ഇരിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഓഫീസിലെ വഴിവിട്ട പ്രവർത്തങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോ എന്ന ചോദ്യം ഇതോടെ ബാക്കിയായി.
ആരോപണം വന്നതുകൊണ്ട് മാത്രം ആരെയും ഒരു സ്ഥാനത്തു നിന്നും ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിപി അജിത് കുമാറിനെയും പി ശശിയേയും സംരക്ഷിക്കുന്ന നടപടി ന്യായീകരിക്കുകയായിരുന്നു അദ്ദേഹം. വിജിലൻസ് അന്വേഷണം പ്രാഥമികമായി നടക്കട്ടെയെന്നും കുറ്റക്കാരെങ്കിൽ നടപടി എടുക്കാമെന്നുമുള്ള ഒഴുക്കൻ മട്ടിലായിരുന്നു ഇന്നത്തെ പത്രസമ്മേളനത്തിൽ മുഖ്യൻറെ പ്രതികരണം. മന്ത്രിസഭാ യോഗത്തിലും മുഖ്യൻ ആർഎസ്എസുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ അജിത് കുമാറിനെ ശക്തമായി പിന്തുണച്ചിരുന്നു. മുഖ്യൻ നൽകിയ നിർദേശ പ്രകാരമാണ് അജിത് കുമാർ ആർഎസ്എസ് നേതാവിനെ രഹസ്യമായി കണ്ടതെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് ഓഫിസിനെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങളെ പിണറായി തള്ളിയത്.
ഫോൺ റെക്കോർഡ് ചെയ്ത പുറത്തുവിടുന്ന അൻവറിൻ്റെ വിശ്വാസ്യതയും പിണറായി ചോദ്യം ചെയ്തു. പി.വി അൻവർ ആദ്യം വാർത്ത സമ്മേളനം നടത്തിയപ്പോൾ തന്നെ ഓഫീസിൽ നിന്ന് അദ്ദേഹത്തെ വിളിപ്പിച്ചെന്നും സംസാരിക്കുന്ന കോൾ റെക്കോർഡ് പുറത്തുവിടുന്ന ആളായി അൻവർ മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അൻവർ തുടർച്ചയായി വെളിപ്പെടുത്തൽ നടത്തുന്നത് കൊണ്ടാണ് താൻ ഇപ്പോൾ മറുപടി പറഞ്ഞത് എന്നും. ഇനിയും അൻവർ ആരോപണങ്ങൾ ഉയർത്തിയാൽ താനും തുടർച്ചയായി പറയുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.