500 കോടി പ്രതീക്ഷിച്ച സർക്കാരിന് ജീവനക്കാരുടെ എട്ടിന്റെ പണി ; സാലറി ചലഞ്ചിലൂടെ ഇതുവരെ കിട്ടിയത് 41 കോടി മാത്രം

5 ദിവസത്തെ ലീവ് സറണ്ടറും, പിഎഫും ഉള്‍പ്പെടുന്ന തുകയാണിത്.

പിണറായി വിജയൻ

തിരുവനന്തപുരം : സാലറി ചലഞ്ചിലൂടെ 500 കോടി രൂപ പ്രതീക്ഷിക്കുന്ന സര്‍ക്കാരിന് ജീവനക്കാരുടെ എട്ടിന്റെ പണി. ഇന്നലെ വരെ സിഎംഡിആര്‍എഫ് വയനാട് അക്കൗണ്ടിലേക്ക് ലഭിച്ചത് 41 കോടി രൂപ മാത്രമാണ്. 5 ദിവസത്തെ ലീവ് സറണ്ടറും, പിഎഫും ഉള്‍പ്പെടുന്ന തുകയാണിത്. നാല് ദിവസത്തെ ശമ്പളം സംഭാവനയായി അടുത്ത രണ്ടുമാസങ്ങളില്‍ ലഭിച്ചാല്‍ പോലും 200 കോടി തികയില്ലെന്ന് വ്യക്തം.

സാലറി ചലഞ്ചിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് എതിർപ്പുയർന്നിരുന്നു. അതിനാൽ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നില്ല. ഇതിനിടയിലാണ് ട്രഷറി രേഖകള്‍ പുറത്തായത്. ഇത് പ്രകാരം 41 കോടി 20 ലക്ഷത്തോളം രൂപയാണ് ഇതുവരെ കിട്ടിയത്. ഇത് ഒരു ദിവസത്തെ ശമ്പളം നല്‍കിവരുടെ മാത്രം കണക്കായിരുന്നെങ്കില്‍ സര്‍ക്കാരിന് ആശ്വസിക്കാമായിരുന്നു. പക്ഷെ ലീവ് സറണ്ടര്‍ ചെയ്തും, പിഎഫ് വായ്പയുടെ തുകയില്‍ നിന്നും 5 ദിവസത്തെ ശമ്പളം നല്‍കിയതെല്ലാം കൂട്ടിയാണ് ഈ 41 കോടി.

വയനാട് പുനരധിവാസത്തിനായി 5 ദിവസത്തില്‍ കുറയാത്ത ശമ്പളമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ സംഭാവന ചെയ്യേണ്ടത്. സെപ്റ്റംബറില്‍ നല്‍കുന്ന ഓഗസ്റ്റിലെ ശമ്പളത്തില്‍നിന്ന് ഒരു ദിവസത്തേയും അടുത്തമാസങ്ങളില്‍ രണ്ടുദിവസത്തേയും ശമ്പളം വീതം നൽകണം. അങ്ങനെ പരമാവധി മൂന്നുഗഡുക്കളായി പണം നൽകണമെന്നായിരുന്നു നിര്‍ദേശം. ഒന്നോ രണ്ടോ ഗഡുക്കളായും ഒടുക്കാമെന്നും അഞ്ചുദിവസത്തില്‍ കൂടുതലുള്ള ശമ്പളവും നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇങ്ങനെ 500 കോടി രൂപ സ്വരൂപിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പക്ഷെ സംഗതി പാളി. സാലറി ചലഞ്ച് വഴി ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് ജീവനക്കാര്‍ മറുപണി കൊടുത്തത് ലീവ് സറണ്ടര്‍ വഴിയാണ്.

ധനവകുപ്പിന്റെ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചതിവിടെയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം കാലങ്ങളായി ലീവ് സറണ്ടര്‍ ചെയ്ത് പണമാക്കാന്‍ നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതിയില്ല. എന്നാല്‍ സാലറി ചലഞ്ച് ചെയ്യാന്‍ മാത്രം ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിരുന്നു. സാലറി ചലഞ്ച് അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ പട്ടിക നോക്കുമ്പോള്‍ അധികം ലീവ് സറണ്ടര്‍ പ്രയോജനപ്പെടുത്തിയതായാണ് കാണുന്നത്. ഇങ്ങനെ അഞ്ചുദിവസത്തെ ശമ്പളം മുഴുവന്‍ ലീവ് സറണ്ടറായി ഒറ്റ ഗഡുവായി ജീവനക്കാര്‍ അടച്ചു.

ഫലത്തില്‍ കണക്കില്‍ പണമെത്തിയെങ്കിലും അക്കൗണ്ടില്‍ പണം ഇല്ല. ഈ തുക ധനവകുപ്പ് നല്‍കേണ്ടി വരും. അതായത് ഇനി ലീവ് സറണ്ടര്‍, പിഎഫ് വായപാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താത്തവരുടെ വകയായി സാലറി ചലഞ്ചിലൂടെ വരുന്ന നാല് ദിവസത്തെ ശമ്പളം മാത്രമാണ് കിട്ടാനുള്ളത്. ഒക്ടോബറിലും നവംബറിലും അക്കൗണ്ടിലേക്ക് വരുന്നത് ലീവ് സറണ്ടറും, പിഎഫ് സംഭവാനയും ഇല്ലാത്ത തുകയാണ്. ഇങ്ങനെ നോക്കിയാല്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ച തുകയുടെ പകുതി പോലും ലഭിക്കാനിടയില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments