ആലുവ: മലയാളികളുടെ പ്രിയ നടി കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്. ആലുവായിലെ കരുമാലൂര്‍ ശ്രീപദം വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരചടങ്ങുകൾ നടത്തി. പൊന്നമ്മയുടെ സഹോദരനാണ് ചിതയിലേക്ക് തീ പകർന്നത്. സിനിമാ, രാഷ്ട്രീയ മേഖലകളിലെ നിരവധിപ്പേർ ചടങ്ങിൽ അന്ത്യാഞ്ജലി അർപ്പിച്ചു.
എറണാകുളം ലിസി ആശുപത്രിയില്‍ അർബുദ ബാധിതയായി ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കവിയൂര്‍ പൊന്നമ്മ അന്തരിച്ചത്.
കളമശേരി ടൗൺ ഹാളിൽ പൊതുദർശനം ഒരുക്കിയിരുന്നു. വീട്ടിലും പൊതുദർശന വേദിയിലും ആയിരക്കണിക്കിന് പേരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എംപി, മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എംപി, സിദ്ദീഖ്, മനോജ് കെ. ജയൻ, രഞ്ജി പണിക്കർ, ജയസൂര്യ, നിഖില വിമൽ തുടങ്ങി നിരവധിപേരാണ് കവിയൂർ പൊന്നമ്മയെ അവസാനമായി കാണാനെത്തിയത്.
നാല് തവണ അഭിനയ മികവിൽ സംസ്ഥാന അവാർഡ് സ്വന്തമാക്കി. സംഗീത, നാടക രംഗത്ത് നിന്നും സിനിമയിലെത്തി ജന ഹൃദയങ്ങളിൽ ഇടം നേടിയ പൊന്നമ്മ ടെലിവിഷൻ രംഗത്തും സജീവമായിരുന്നു.