
കുരച്ചാലും കടിക്കും, നായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന
നായകളുടെ കടിയേല്‍ക്കുന്നവരുടെയും പേവിഷബാധയേറ്റ് മരിക്കുന്നവരുടെയും എണ്ണം വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ട്. സംയോജിത രോഗ നിരീക്ഷണ പ്ലാന്‍-ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ലഭിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരമാണ് നായമൂലം മരണപ്പെടുന്നവരുടെയും കടിയേല്‍ക്കുന്നവരുടെയും എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. 2023ല്‍, ഇന്ത്യയിലുടനീളം നായ്ക്കളുടെ കടിയേറ്റ കേസുകള്‍ കുറഞ്ഞത് 30.43 ലക്ഷം ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2021 ല്‍ ഇത് 17.01 ലക്ഷമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, നായ്ക്കളുടെ മധ്യസ്ഥതയിലുള്ള പേവിഷബാധ മൂലം ആഗോളതലത്തില്‍ മനുഷ്യമരണങ്ങളുടെ എണ്ണം പ്രതിവര്‍ഷം 59,000 ആയി കണക്കാക്കപ്പെടുന്നു, ഇന്ത്യയില്‍ മാത്രം പ്രതിവര്‍ഷം 20,565 (35 ശതമാനം) മരണങ്ങള്‍ സംഭവിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയില്‍ നായ്ക്കളുടെ കടിയേല്‍ക്കുന്ന ഭീഷണി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, 2021 നും 2023 നും ഇടയില്‍ കേസുകളില്‍ 80 ശതമാനം വര്‍ദ്ധനവുണ്ടായതായി പല റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാകുന്നു.
2023ലെ കണക്കനുസരിച്ച് ഓരോ മണിക്കൂറിലും ഏകദേശം 350 പേരാണ് നായ്ക്കളുടെ കടിയേല്‍ക്കുന്നത്. കോറോണ സമയത്ത് ഈ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇത് വലിയ തോതില്‍ തന്നെ കൂടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.