News

ഗംഗാവലിയിൽ അർജുൻ്റെ ലോറി കണ്ടെത്തിയെന്ന് സൂചന; വടം കെട്ടി ഉയർത്താൻ ശ്രമം

മംഗലാപുരം: കർണ്ണാടക ഷിരൂരിൽ കാണാതായ അർജുൻ്റെ ലോറി കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഗംഗാവാലി പുഴയുടെ അടിത്തട്ടിൽ ലോറി കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈശ്വർ മാൽപെ ഗംഗാവലിയുടെ അടിത്തട്ടിൽ പോയി ലോറിയുടെ അടിയിൽ വടംകെട്ടി കയറ്റാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു.

മറ്റ് ലോറികളൊന്നും അപകട സ്ഥലത്ത് കാണാതായിട്ടില്ലെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇത് അർജുൻ്റെ ലോറി തന്നെയാണെന്നാണ് നിഗമനം. പുഴയുടെ അടിത്തട്ടിലേക്ക് പോയ ഈശ്വർ മാൽപെ ദൃശ്യങ്ങളും തൻ്റെ മൊബൈലിൽ പകർത്തി.

ലോറി എവിടെയെന്നത് സംബന്ധിച്ച് ഇന്ന് കൃത്യമായ ഒരു ഉത്തരം കിട്ടുമെന്ന് എംഎൽഎ സതീഷ് സെയ്‌ദ് വ്യക്തമാക്കിയിരുന്നു. തലകീഴായി മറിഞ്ഞിരിക്കുന്ന നിലയിൽ പുഴയുടെ ഉപരിതലത്തിൽ നിന്ന് 15 അടി താഴ്ചയിലാണ് ലോറി കിടക്കുന്നത്.

ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്‍ ഉള്‍പ്പടെ മൂന്ന് പേരെ കണ്ടെത്താന്‍ വേണ്ടി ഗംഗാവലി പുഴയിലെ പരിശോധന പുരോഗമിക്കുകയാണ്. പുഴയിൽ ഇറങ്ങി നടത്തിയ പരിശോധനയില്‍ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ രാവിലെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തിരുന്നു. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ലോറിയിൽ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. നേരത്തെ നദിക്കരയിൽ നിന്നും തടിക്കഷണങ്ങൾ ലഭിച്ചിരുന്നു. അർജുൻ ലോറിയിൽ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു.

മുൻപ് പുഴയിൽ പരിശോധന നടത്തിയ നാവികസേനയുടെ ഡൈവിംഗ് സംഘം നിർദേശിച്ച മൂന്ന് പ്രധാന പോയന്‍റുകളിലാണ് ഡ്രഡ്ജറും ക്യാമറയും ഉപയോഗിച്ചുളള തെരച്ചിൽ പുരോഗമിക്കുന്നത്. ഇപ്പോൾ കണ്ടെത്തിയത് അർജുൻ ഓടിച്ച ലോറി ആണോ എന്ന് സ്ഥിരീകരിക്കാനായില്ല എന്നാണ് ലോറി ഉടമ മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *