സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും ഡ്രൈവിംഗ് ലൈസന്‍സിന്റെയും അച്ചടി വീണ്ടും താളംതെറ്റുകയാണ്. ഗതാഗത വകുപ്പും അച്ചടി കരാര്‍ ഏറ്റെടുത്ത ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസും (ഐ.ടി.ഐ) തമ്മിലുള്ള തർക്കമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് വ്യക്തമാക്കുന്നു.
തര്‍ക്കം രൂക്ഷമാകുന്നതോടെ 4.5 ലക്ഷം ആർ.സിയുടെയും ഒരു ലക്ഷത്തിലധികം ലൈസന്‍സിന്റെയും അച്ചടി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 14.77 കോടി രൂപയുടെ കുടിശിക നല്‍കാതിരിക്കുക മൂലം ഐ.ടി.ഐ അച്ചടി തുടരാനാകില്ലെന്ന നിലപാട് സ്വീകരിച്ചു. അതേസമയം,കരാര്‍ കമ്പനി ധാരണ പാലിക്കാതെ പണം നല്‍കില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.
സര്‍ക്കാരും കമ്പനിയും തമ്മിലുള്ള ധാരണയുടെ ലംഘനമാണ് ഈ പ്രതിസന്ധിക്ക് കാരണം എന്നാണ് മന്ത്രിയുടെ വിശദീകരണം. ജൂലൈ വരെ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ അച്ചടിച്ച് നല്‍കാമെന്ന കരാറിലായിരുന്നു സര്‍ക്കാര്‍ അവസാനമായി എട്ടു കോടി രൂപ നല്‍കിയത്. എന്നാല്‍ ജൂലൈയിലെ പ്രിന്റിംഗ് ഇതുവരെ ആരംഭിച്ചില്ലെന്നാണ് ഗതാഗത വകുപ്പിന്റെ ആരോപണം. പ്രിന്റിംഗ് സാമഗ്രികള്‍ ലഭ്യമാകാത്തതിനാലാണ് അച്ചടി പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നതെന്നാണ് കമ്ബനിയുടെ വാദം.
സ്വകാര്യ കമ്പനിയായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് കാര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്നത്. പ്രിന്റിംഗ് നിര്‍ത്തിയതോടെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സര്‍ക്കാര്‍ കമ്ബനിക്ക് ഏഴരകോടി രൂപ നല്‍കി. പിന്നീട് പണം കൊടുക്കാതിരുന്നതോടെ കമ്ബനി വീണ്ടും അച്ചടി നിര്‍ത്തി. പിന്നീട് ഈ വര്‍ഷം ജനുവരിയിലാണ് കുടിശികയുണ്ടായിരുന്ന പണം നല്‍കിയത്.