ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും ഇല്ലായിരുന്നെങ്കില്‍ 144 ല്‍ ചെപ്പോക്കില്‍ ഇന്ത്യന്‍ ടീം അവസാനിക്കുമായിരുന്നു. അതിന് പ്രധാന കാരണം ഒരു പക്ഷേ 24 കാരന്‍ ഹസന്‍ മഹമൂദ് എന്ന ബംഗ്ലാദേശ് പേസ് ബൗളര്‍ ആയിരിക്കും.
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ദിനം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് തുടങ്ങിയുള്ള ആദ്യ നാല് വിക്കറ്റും നേടിയത് ഹസന്‍ മഹ്‌മൂദാണ്. രോഹിത് ശര്‍മയെ നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ കൈകളിലേക്കും ബാക്കി മൂന്നുപേരെ വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിൻ്റെ കൈകളിലേക്കും എത്തിക്കാന്‍ മഹമൂദിന് അധിക സമയമൊന്നും വേണ്ടി വന്നില്ല.
പ്രഗല്ഭരായ മുന്നേറ്റനിരയെ ഒന്നൊന്നായി മടക്കിയയച്ചപ്പോള്‍ ചെപ്പോക്ക് സ്റ്റേഡിയത്തിലെ കാണികളും ഇന്ത്യയാകെ തന്നെയുള്ള ആരാധകരും പ്രതീക്ഷ കൈവിട്ടിരുന്നു. ബംഗ്ലാദേശിന് ഇത്തരത്തില്‍ വിക്കറ്റുകള്‍ നേടിക്കൊടുക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ പാകിസ്താന്‍-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയില്‍ അഞ്ചുവിക്കറ്റ് നേടി പാകിസ്താനെ തകര്‍ത്തതാണ് ഈ വലംകൈയന്‍ പേസര്‍.
ആരാണ് ഹസന്‍ മഹമൂദ് ?
1999-ല്‍ ബംഗ്ലാദേശിലെ ചാട്ടോഗ്രാമില്‍ ജനിച്ച ഹസന്‍ മഹമൂദ്, ഫാസ്റ്റ് ബൗളറാണ്. 2020 ല്‍ സിംബാബയ്ക്കെതിരായ ടി20 ( ഐ) യില്‍ ബംഗ്ലാദേശിനായി അരങ്ങേറ്റം കുറിച്ചു. അതിനുശേഷം 18 ടി20 (ഐ) കളില്‍ 18 വിക്കറ്റ് വീഴ്ത്തി.
22 മത്സരങ്ങളില്‍ നിന്ന് 30 വിക്കറ്റ് വീഴ്ത്തിയ മഹ്‌മൂദ് ബംഗ്ലാദേശിൻ്റെ ഏകദിനത്തിലും സ്ഥിര താരമായി മാറി. ഈ വര്‍ഷം ആദ്യം ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മഹമൂദ് മത്സരത്തില്‍ 6 വിക്കറ്റ് വീഴ്ത്തി.
പാക്കിസ്ഥാനെതിരായ ബംഗ്ലാദേശിൻ്റെ ചരിത്രപരമായ ടെസ്റ്റ് പരമ്പര വിജയത്തില്‍ മഹമൂദ് കൂടുതല്‍ അംഗീകാരം നേടി. ടീമിൻ്റെ ഫാസ്റ്റ് ബൗളിംഗ് ആക്രമണത്തില്‍ തൻ്റെ സ്ഥിരം സ്ഥാനം ഉറപ്പിച്ചു.